sunflower

കീവ് : റഷ്യൻ അധിനിവേശത്തിനെതിരെ ധീരമായ ചെറുത്തു നില്പ്പ് നടത്തുന്ന യുക്രെയിന്റെ ദേശീയതയുടെ ചിഹ്നമായി സൂര്യകാന്തിപ്പൂവും തലയുയർത്തി നില്ക്കുന്നു. രാജ്യത്തിന്റെ ദേശീയ പുഷ്പം എന്നതിലുപരി യുക്രെയിൻ ജനതയുടെ പ്രതിരോധത്തിന്റേയും ഐക്യദാർഢ്യത്തിന്റേയും ചിഹ്നമായാണ് ലോകം ഇപ്പോൾ സൂര്യകാന്തിപ്പൂവിനെ നോക്കിക്കാണുന്നത്. യുക്രെയിൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ചിഹ്നമായി സൂര്യകാന്തി ഇതിനോടകം ലോകശ്രദ്ധ ആകർഷിച്ചിരുന്നു.

അതിനിടെ യുക്രെയിൻ തെരുവിലിറങ്ങിയ റഷ്യൻ സൈനികന് സൂര്യകാന്തിയുടെ വിത്തുകൾ നല്കുന്ന യുക്രെയിൻ വനിതയുടെ വീഡിയോ ലോകശ്രദ്ധ നേടിയിട്ടുണ്ട്. യുക്രെയിനിൽ അതിക്രമിച്ച് കയറി കൂട്ടക്കുരുതി നടത്തുന്ന ആയുധധാരികളായ റഷ്യൻ സൈനികരോട് തന്റെ രാജ്യത്ത് എന്തിനാണ് അതിക്രമിച്ച് കയറിയതെന്ന് യുവതി നിർഭയം ചോദിക്കുന്നു. നിങ്ങൾ ആരാണെന്ന് സ്ത്രീ ചോദിച്ചപ്പോൾ തങ്ങൾ ഇവിടെ സൈനിക അഭ്യാസം നടത്താൻ വന്നതാണെന്നും അവിടെ നിന്ന് പോകാനും പറയുന്ന റഷ്യൻ സൈനികനേയും വീഡിയോയിൽ കാണാം.

തുടർന്ന് 'നിങ്ങൾ ഫാസിസ്റ്റുകളാണ്,​ ഈ തോക്കുകളെല്ലാം ഉപയോഗിച്ച് നിങ്ങൾ ഞങ്ങളുടെ നാട്ടിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് സ്ത്രീ അവരോട് കയർക്കുന്നുണ്ട്.തുടർന്ന് തന്റെ കയ്യിലുണ്ടായിരുന്ന സൂര്യകാന്തി വിത്തുകൾ അവർക്ക് നേരെ നീട്ടി യുവതി പറഞ്ഞു. ഈ വിത്തുകൾ എടുത്ത് നിങ്ങളുടെ പോക്കറ്റിൽ ഇട്ടോളൂ, നിങ്ങളെല്ലാവരും ഈ മണ്ണിൽ മരിച്ച് വീഴുമ്പോൾ ഈ സൂര്യകാന്തി ഇവിടെ വളരും. " തുടർന്ന് സൈനികർക്ക് നേരെ നിരവധി ശാപവാക്കുകളും അവർ പറയുന്നുണ്ട്. വഴിയാത്രക്കാരായ ഒരാളാണ് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ യുവതിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.