shane-warne

ബാങ്കോക്ക് : ക്രിക്കറ്റ് ഇതിഹാസം ഷേൻ വാണിനെ മരിച്ച നിലയിൽ കണ്ടെത്തിയ വില്ലയിലെ മുറിയിൽ ഉൾപ്പെടെ രക്തക്കറ കണ്ടെത്തിയതായി തായ്‌ലൻഡ് പൊലീസ്. മുറിയിലും ഉപയോഗിച്ചിരുന്ന ബാത് ടവ്വലിലും തലയണയിലുമാണ് രക്തക്കറ കണ്ടെത്തിയത്.

അതേസമയം, വാണിന് മുമ്പും നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വാണിന് ആസ്തമയും ഹ‍ൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. മരണത്തിനു മുൻപ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വോൺ ഡോക്ടറെ കണ്ടിരുന്നതായും വെളിപ്പെടുത്തലുണ്ട്. താരത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ സി.പിആർ നൽകിയെങ്കിലും, ഇതിനു പിന്നാലെ ചോര ഛർദ്ദിച്ചതായും പൊലീസ് അറിയിച്ചു. ശരീരഭാരം കുറയ്ക്കാനായി ഭക്ഷണ നിയന്ത്രണത്തിലായിരുന്നു വാൺ എന്നും സൂചനയുണ്ട്.

തായ്‌ലൻഡിലെ കോ സമുയി ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ആസ്ട്രേലിയയിലേക്കു കൊണ്ടുവരാനുള്ള നിയമനടപടികൾ പൂർത്തിയാകുന്നതേയുള്ളൂ. മെൽബണിലായിരിക്കും സംസ്കാരം.ദേശീയ ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.