govinv

പേരാവൂർ (കണ്ണൂർ): പുലർച്ചെ നടക്കാനിറങ്ങിയ വയോധികന് കാട്ടുപോത്തിന്റെ കുത്തേറ്റ് ദാരുണാന്ത്യം. കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താൻ ഗോവിന്ദനാണ് (98) മരിച്ചത്. ഇന്നലെ പുലർച്ചെ 6.30ഓടെയാണ് സംഭവം. വീടിനുസമീപത്തെ റോഡിൽ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപോത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ മീൻ വില്പനക്കാരനാണ് ഗോവിന്ദനെ പരിക്കേറ്റ നിലയിൽ കണ്ടത്. ഉടൻതന്നെ സമീപവാസികളെ വിവരമറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോവിന്ദനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പൊന്നാരോൻ നാരായണി. മക്കൾ: സതി, വസുമതി, സരോജിനി, പരേതനായ മനോജ്. മരുമക്കൾ: പുതുക്കുടി രാഘവൻ, പരേതനായ ജനാർദ്ദനൻ, രാഘവൻ തെറ്റുവഴി, പുഷ്പ. കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രദേശത്ത് കാട്ടുപോത്തുകൾ സ്വൈരവിഹാരം നടത്താറുണ്ടെങ്കിലും ജനങ്ങളെ ആക്രമിക്കുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിനു ശേഷം ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിച്ച കാട്ടുപോത്തിനെ വനപാലകരും ജനങ്ങളും ചേർന്ന് കാട്ടിലേക്ക് തുരത്തി.