sachin-mithali

മൗണ്ട് മംഗനൂയി: സച്ചിൻ ടെൻഡുൽക്കറിന്റെയും പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദിന്റെയും റെക്കാഡിനൊപ്പം എത്തി ഇന്ത്യയുടെ വനിതാ ക്രിക്കറ്ര് ക്യാപ്ടൻ മിഥാലി രാജ്. ആറ് ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുത്ത റെക്കാഡാണ് മിഥാലി സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഇറങ്ങയിയതോടെയാണ് ഈ അപൂർവ നേട്ടം മിഥാലിക്ക് കൈവരിക്കാനായത്. വനിതാ ക്രിക്കറ്റിൽ ആറ് ലോകകപ്പുകളിൽ പങ്കെടുക്കുന്ന ആദ്യ താരമാണ് മിഥാലി. ക്രിക്കറ്റിൽ തന്നെ സച്ചിൻ ടെൻഡ‌ുൽക്കറും മിയാൻദാദും മാത്രമാണ് ഇതിനു മുമ്പ് ആറ് ലോകകപ്പുകളിൽ പങ്കെടുത്തിട്ടുള്ള താരങ്ങൾ.

2000ലെ ടൂർണമെന്റ് ആയിരുന്നു മിഥാലിയുടെ ആദ്യ ലോകകപ്പ്. അതിനു ശേഷം 2005, 2009, 2013, 2017, 2022 എന്നീ ലോകകപ്പുകളിലും മിഥാലി ഇന്ത്യൻ ജേഴ്സി അണിഞ്ഞു. സച്ചിൻ ടെൻഡുൽക്കറിന് ശേഷം ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് മിഥാലി. 1992, 1996, 1999, 2003, 2007, 2011 എന്നീ ലോകകപ്പുകളിലാണ് സച്ചിൻ ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞത്.

അതേസമയം ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ബൗളിംഗ്‌നിരയ്‌ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പാകിസ്ഥാൻ തകർന്നടിഞ്ഞു. 43-ാം ഓവറിൽ 137 റൺസിന് അവസാന ബാറ്ററും പുറത്തായതോടെ ഇന്ത്യ 107 റൺസിന് വിജയിച്ചു.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 244 റൺസ് നേ‌ടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിര അക്ഷരാർത്ഥത്തിൽ തകർന്നടിയുകയായിരുന്നു. ഓപ്പണർ സിദ്ര അമീൻ(30), വാലറ്റ‌ക്കാരി ഡയാന ബെയ്‌ഗ് (24) എന്നിവർക്ക് മാത്രമേ പിടിച്ചുനിൽക്കാനായുള‌ളു. ഇടംകൈ സ്‌പിൻ ബൗളറായ രാജേശ്വരി ഗെയ്‌ക്‌വാദിന്റെ മികച്ച പന്തുകൾക്ക് മുന്നിൽ പാക് വനിതകൾക്ക് പിടിച്ചുനിൽക്കാനേ കഴിഞ്ഞില്ല. 10 ഓവറിൽ 31 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ രാജേശ്വരി വീഴ്‌ത്തി.

നേരത്തെ തകർച്ച നേരിട്ട ഇന്ത്യൻ ബാറ്റിംഗിൽ നിർണായക പ്രകടനം കാഴ്‌ചവച്ച തുടക്കക്കാരി പൂജ വസ്‌ത്രക്കർ ആണ് കളിയിലെ താരം. 59 പന്തുകളിൽ എട്ട് ബൗണ്ടറികളോടെ 67 റൺസ് നേടിയ പൂജയാണ് ഇന്ത്യയ്‌ക്ക് പൊരുതാനുള‌ള സ്‌കോർ സമ്മാനിച്ചത്. ഏഴാം വിക്കറ്റിൽ സ്‌നേഹ് റാണയോടൊപ്പം 122 റൺസ് കൂട്ടുകെട്ടാണ് പൂജ നേടിയത്. ഓപ്പണർ സ്‌മൃതി മന്ധാന 52 റൺസ് നേടിയിരുന്നു. ദീപ്‌തി ശർമ്മ 40 റൺസും നേടി.