
ഹൈദരാബാദ്: സ്കൂൾ ടീച്ചറിനെതിരെ പരാതിയുമായി മൂന്നാം ക്ളാസുകാരൻ പൊലീസ് സ്റ്റേഷനിലെത്തി. ഹൈദരാബാദിലെ ബയ്യാരാമിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയാണ് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ ടീച്ചറിനെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയത്. തന്റെ കണക്ക് ടീച്ചറിനെതിരെയാണ് കുട്ടി പരാതിപ്പെട്ടത്.
പൊലീസ് പറയുന്നത് അനുസരിച്ച് സ്കൂളിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ആദ്ധ്യാത്മിക ക്ളാസിനിടെ ഈ കുട്ടി മറ്റ് വിദ്യാർത്ഥികളെ ശല്യം ചെയ്തതിനെ തുടർന്ന് അദ്ധ്യാപിക വഴക്ക് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കുട്ടി അദ്ധ്യാപികയ്ക്കെതിരെ പരാതിയുമായി എത്തിയത്. അന്നേ ദിവസം ഉച്ച ഭക്ഷണ സമയത്ത് സ്കൂളിൽ നിന്ന് വെറും 200 മീറ്റർ മാത്രം അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തി കുട്ടി അദ്ധ്യാപികയ്ക്ക് എതിരെ പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ പരാതി കേട്ട സബ് ഇൻസ്പെക്ടർ രമാ ദേവി ഉടൻ തന്നെ സ്കൂളിൽ എത്തുകയും വിശദമായി അന്വേഷിക്കുകയും ചെയ്തു. എന്നാൽ കുട്ടിയെ ദേഹോപദ്രവം ഒന്നും ഏൽപിച്ചിട്ടില്ലെന്നും വഴക്കു പറയുക മാത്രമാണ് അദ്ധ്യാപിക ചെയ്തതെന്നും ഇൻസ്പെക്ടർ അറിയിച്ചു. ഇതിനെ തുടർന്ന് അദ്ധ്യാപികയ്ക്ക് എതിരെ കേസൊന്നും രജിസ്റ്റർ ചെയ്തില്ല.