ukraine

ടിറാന: അൽബേനിയയിൽ റഷ്യൻ എംബസി സ്ഥിതി ചെയ്യുന്ന തെരുവിന്റെ പേര് ഫ്രീ യുക്രെയിൻ എന്ന് മാറ്റി. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിഷേധാത്മകമായാണ് നടപടിയെന്നും യുക്രെയിന്റെ വീരോചിതമായ ചെറുത്തുനിൽപ്പ് പൊതുയിടങ്ങളിൽ ഓർമ്മിക്കപ്പെടണമെന്നും ടിറാന മേയർ എറിയോൺ പറഞ്ഞു.

അൽബേനിയയുടെ ദേശീയ നായകൻ സ്‌കന്ദർബെഗിന്റെ ഭാര്യയായിരുന്ന ഡോണിക്ക കസ്ട്രിയോട്ടിയുടെ പേരാണ് തെരുവിന് നൽകിയിരുന്നത്. സെർബിയയുടെയും കൊസോവോയുടെയും എംബസികളും ഈ തെരുവിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പേര് റഷ്യൻ എംബസിക്കുള്ള ഒരു ഓർമ്മപ്പെടുത്തലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ യുക്രെയിനെ ആക്രമിച്ചതിന് പിന്നാലെ നാറ്റോ അംഗമായ അൽബേനിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും റഷ്യൻ വിമാനങ്ങളെ തങ്ങളുടെ വ്യോമാതിർത്തിയിൽ നിരോധിക്കുകയും ചെയ്തിരുന്നു.