
ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 222 റൺസിനും ശ്രീലങ്കയെ കീഴടക്കി
175 റൺസും ഒൻപത് വിക്കറ്റുകളുമായി രവീന്ദ്ര ജഡേജ മാൻ ഒഫ് ദ മാച്ച്
മൊഹാലി : പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ദ്രജാലം കാട്ടിയ രവീന്ദ്ര ജഡേജയും രവി ചന്ദ്രൻ അശ്വിനും നിറഞ്ഞാടിയ മൊഹാലി ടെസ്റ്റിൽ മൂന്നു ദിനം കൊണ്ട് ശ്രീലങ്കയെ ചുരുട്ടിക്കൂട്ടി ഇന്ത്യ. ആദ്യ ഇന്നിംഗ്സിൽ 574/8 എന്ന കൂറ്റൻ സ്കോർ ഉയർത്തി ഡിക്ളയർ ചെയ്തശേഷം ലങ്കയെ ഒന്നാം ഇന്നിംഗ്സിൽ 174 റൺസിനും തുടർന്ന് ഫോളോഒാണിനിറക്കി 178 റൺസിനും ആൾഒൗട്ടാക്കിയാണ് ഇന്ത്യ ഇന്നിംഗ്സിനും 222 റൺസിനും വിജയം ആഘോഷിച്ചത്. ഇതോടെ രണ്ട് മത്സര പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഈ മാസം 12ന് ബെംഗളുരുവിൽ ഡേ ആൻഡ് നൈറ്റായി തുടങ്ങും.
ബാറ്റിംഗിനിറങ്ങി പുറത്താകാതെ 175 റൺസ് നേടുകകയും ആദ്യ ഇന്നിംഗ്സിൽ ലങ്കയുടെ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ നാലും വിക്കറ്റുകൾ നേടിയ ആൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ അവിശ്വസനീയ പ്രകടനമാണ് ഇന്ത്യയ്ക്ക് വൻ വിജയം സമ്മാനിച്ചത്. ജഡേജയാണ് മാൻ ഒഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്ന ഇന്ത്യൻ സ്പിന്നർ രവി ചന്ദ്രൻ അശ്വിൻ രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റുകൾ കൂടി സ്വന്തമാക്കി വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടക്കുന്നതിനും ഇന്നലെ മൊഹാലി സാക്ഷ്യം വഹിച്ചു.
574/8 എന്ന സ്കോറിൽ ഡിക്ളയർ ചെയ്ത ഇന്ത്യ രണ്ടാം ദിവസം ലങ്കയെ ബാറ്റിംഗിനിറക്കി 108 /4 എന്ന നിലയിലെത്തിച്ചിരുന്നു. മൂന്നാം ദിനമായ ഇന്നലെ ലഞ്ചിന് മുന്നേതന്നെ ആദ്യ ഇന്നിംഗ്സിന് കർട്ടനിട്ട ഇന്ത്യൻ ബൗളർമാർ വൈകുന്നേരത്തോടെ രണ്ടാം ഇന്നിംഗ്സും അവസാനിപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ ഇന്നലെ 66 റൺസ് കൂടിയേ ലങ്കൻ ബാറ്റ്സ്മാൻന്മാർക്ക് കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ.13 ഓവറുകളിൽ 4 മെയ്ഡനടക്കം 41 റൺസ് വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജഡേജയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ അശ്വിനും ബുംറയും ഒരു വിക്കറ്റ് വീഴ്ത്തിയ ഷമിയും ചേർന്നാണ് ലങ്കയെ ഒന്നാം ഇന്നിംഗ്സിൽ പഞ്ഞിക്കിട്ടത്. രണ്ടാം ഇന്നിംഗ്സിൽ അശ്വിനും ജഡേജയും നാലുവിക്കറ്റുകൾ വീതം സ്വന്തമാക്കി. ഷമിക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.61 റൺസുമായി പുറത്താകാതെ നിന്ന പാത്തും നിസംഗയാണ് ഒന്നാം ഇന്നിംഗ്സിലെ ലങ്കൻ ടോപ് സ്കോറർ.രണ്ടാം ഇന്നിംഗ്സിൽ നിരോഷൻ ഡിക്ക്‌വെല്ല 51 റൺസുമായി പുറത്താകാതെ നിന്നതൊഴിച്ചാൽ ലങ്കൻ നിര അക്ഷരാർത്ഥത്തിൽ ചീട്ടുകൊട്ടാരമായി മാറുകയായിരുന്നു.
സ്കോർ കാർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 574/8
ജഡേജ 175*,റിഷഭ് പന്ത് 96,അശ്വിൻ 61,ഹനുമ വിഹാരി 58,വിരാട് കൊഹ്‌ലി 45
സുരംഗ ലക്മൽ2-90,ഫെർണാണ്ടോ 2-135
ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 174
പാത്തും നിസംഗ 61*, അസലങ്ക 29
ജഡേജ 5-41,ബുംറ 2-36,അശ്വിൻ 2-49
ശ്രീലങ്ക രണ്ടാം ഇന്നിംഗ്സ് 178
ഡിക്ക്‌വെല്ല 51*,3ധനഞ്ജയ 0
ജഡേജ 4-46, അശ്വിൻ 4-47,ഷമി 2-48
മാൻ ഒഫ് ദ മാച്ച് : രവീന്ദ്ര ജഡേജ
16 വിക്കറ്റുകളാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യ എറിഞ്ഞിട്ടത്.244 റൺസ് ഇരു ഇന്നിംഗ്സുകളിലുമായി നേടുന്നതിനിടയിലാണ് ലങ്കയുടെ 16 വിക്കറ്റുകൾ നഷ്ടമായത്.