
കൊച്ചി: ജി.എസ്.ടിയിലെ ഏറ്റവും താഴ്ന്ന സ്ലാബ് അഞ്ച് ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി ഉയർത്താൻ ഈ മാസം അവസാനം ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചേക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ധ്യക്ഷനായ സംസ്ഥാന ധനമന്ത്രിമാരുടെ പാനലിന്റേതാണ് ശുപാർശ. പാനലിന്റെ റിപ്പോർട്ട് ഉടൻ കൗൺസിലിന് കൈമാറും.
അഞ്ച്, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകളാണ് ജി.എസ്.ടിയിലുള്ളത്. നികുതി വരുമാനം ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് സ്ലാബ് പരിഷ്കരണം. അഞ്ചുശതമാനം സ്ലാബ് എട്ടു ശതമാനമാക്കുമ്പോൾ വർഷം 1.50 ലക്ഷം കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ 12 ശതമാനം സ്ലാബ് നിറുത്തലാക്കി, അവയിലെ ഉത്പന്നങ്ങളെ/സേവനങ്ങളെ 18 ശതമാനം സ്ലാബിലേക്ക് മാറ്റാനും ശുപാർശയുണ്ട്. ജി.എസ്.ടി ബാധകമല്ലാത്ത ഒട്ടേറെ ഉത്പന്നങ്ങളെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരാനും സാദ്ധ്യതയുണ്ട്. പായ്ക്കു ചെയ്യാത്തതും അൺബ്രാൻഡഡുമായ ഉത്പന്നങ്ങൾ, പാലുത്പന്നങ്ങൾ തുടങ്ങിയവയ്ക്കാണ് നികുതി ബാധകമാക്കിയേക്കുക.
സംസ്ഥാനങ്ങൾക്കുള്ള
നഷ്ടപരിഹാരം തുലാസിൽ
ജി.എസ്.ടി 2017 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുമ്പോൾ, പ്രതിവർഷം 14 ശതമാനത്തിന് താഴെ നികുതിവരുമാന വർദ്ധന കുറിക്കുന്ന സംസ്ഥാനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് ആനുപാതിക നഷ്ടപരിഹാരം കേന്ദ്രം നൽകുമെന്ന് ധാരണയുണ്ടായിരുന്നു. ഇതിന്റെ കാലാവധി ഈവർഷം ജൂണിൽ തീരും.
റവന്യൂ ന്യൂട്രൽ
റേറ്റ് ഉയർത്തണം
ജി.എസ്.ടിക്ക് മുമ്പ് റവന്യൂ ന്യൂട്രൽ റേറ്റ് 16 ശതമാനമായിരുന്നത് ഇപ്പോൾ 11.6 ശതമാനമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതിവരുമാന നഷ്ടം ഉണ്ടാകാതിരിക്കാനുള്ള ഏറ്റവും കുറഞ്ഞ ശരാശരി നികുതിയാണിത്.
 ഉപഭോക്തൃ താത്പര്യാർത്ഥം ഒട്ടേറെ ഉത്പന്നങ്ങളുടെ ജി.എസ്.ടി വെട്ടിക്കുറച്ചതാണ് റവന്യൂ ന്യൂട്രൽ റേറ്റ് താഴാൻ കാരണം.
 ന് തുടക്കത്തിൽ 228 ഉത്പന്നങ്ങൾക്ക് 28 ശതമാനം സ്ളാബിലുണ്ടായിരുന്നത് ഇപ്പോൾ 35 ആയിക്കുറഞ്ഞു.
 ഒരുലക്ഷം കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ജി.എസ്.ടിയിൽ നിലവിൽ നേരിടുന്നത്.
 റവന്യൂ ന്യൂട്രൽ റേറ്റ് ഉയർത്തി, വരുമാനം മെച്ചപ്പെടുത്തുന്നതിനായാണ് ജി.എസ്.ടി സ്ളാബ് പരിഷ്കരണവും പുതുതായി ഉത്പന്നങ്ങളെ ജി.എസ്.ടി ഉൾപ്പെടുത്താനുള്ള നീക്കവും.