blasters

തിലക് മൈതാൻ: ഐ എസ് എല്ലിൽ തങ്ങളുടെ അവസാന ലീഗ് മത്സരം ആഘോഷമാക്കി ബ്‌ളാസ്റ്റേഴ്സ്. ആദ്യ പകുതി അവസാനിക്കുമ്പോൾ എഫ് സി ഗോവയ്ക്കെതിരെ കേരള ബ്‌ളാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് മുന്നിലാണ്. മുന്നേറ്റനിരതാരം പെരേര ഡയസാണ് ബ്‌ളാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും നേടിയത്.

മത്സരം തുടങ്ങി 10ാം മിനിട്ടിൽ തന്നെ ഡയസ് ഗോവയുടെ വല കുലുക്കിയിരുന്നു. ഗോവയുടെ ഹൃതിക് തിവാരി തന്റെ ഒരു ടീമംഗത്തിന് നൽകിയ പാസ് തട്ടിയെടുത്ത സഹൽ, ഗോവയുടെ ബോക്സിനുള്ളിലായിരുന്ന ഡയസിന് ഒരു ലോ ക്രോസ് പാസ് നൽകുകയായിരുന്നു. ഗ്രൗണ്ടിലൂടെ തെന്നിയെത്തിയ ഡയസ് പന്ത് വലയിലേക്ക് വഴിതിരിച്ചുവിട്ടു. 25ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടിയിലൂടെ പെരേയ്‌ര ബ്‌ളാസ്റ്റേഴ്സിന്റെ ലീഡ് വീണ്ടും ഉയർത്തി.

ഒന്നാം പകുതി അവസാനിക്കുമ്പോൾ ലീഡ് ബ്‌ളാസ്റ്റേഴ്സിനാണെങ്കിൽ പോലും കളിയിൽ മികച്ചു നിന്നത് ഗോവയായിരുന്നു. ആദ്യപകുതിയിൽ ഉടനീളം ഏറ്റവും കൂടുതൽ ബോൾ പൊസഷൻ കൂടുതൽ ഉണ്ടായിരുന്നത് ഗോവയ്ക്കായിരുന്നു.എന്നാൽ തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ഗോവയ്ക്ക് സാധിച്ചില്ല. മറുവശത്ത്, ഇതിനോടകം സെമിഫൈനലിൽ പ്രവേശിച്ച് കഴിഞ്ഞ ബ്‌ളാസ്റ്റേഴ്സ് കാര്യമായ ആക്രമണങ്ങൾക്ക് മുതിർന്നില്ല. ആദ്യപകുതിയിൽ വെറും 29 ശതമാനം മാത്രമാണ് ബ്‌ളാസ്റ്റേഴ്സ് പന്ത് കൈവശം വച്ചിരുന്നത്. എന്നാൽ തങ്ങൾക്ക് ലഭിച്ച രണ്ട് അവസരങ്ങളും ഗോളാക്കി മാറ്റുന്നതിൽ ബ്‌ളാസ്റ്റേഴ്സ് വിജയിക്കുകയായിരുന്നു.