കണ്ടക്ടർ ഇടപെട്ടില്ലെന്ന് പരാതി, പ്രതി രക്ഷപ്പെട്ടു
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ രാത്രി യാത്രയ്ക്കിടെ മറ്രൊരു യാത്രക്കാരനിൽ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്ന് കോഴിക്കോട് സ്വദേശിനിയായ അദ്ധ്യാപികയുടെ പരാതി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവർ ഇക്കാര്യമുന്നയിച്ചത്. സൂപ്പർ ഡീലക്സ് ബസിൽ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ദുരനുഭവം. ഉറങ്ങുന്നതിനിടെ പിൻ സീറ്രിലിരുന്ന യാത്രക്കാരൻ കടന്നുപിടിച്ചുവെന്നാണ് പരാതി.
ഞായറാഴ്ച പുലർച്ചെ ഒന്നേകാലോടെ എറണാകുളത്തിനും തൃശൂരിനും ഇടയിലാണ് സംഭവം. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോൾ ഗൗരവമായി എടുത്തില്ലെന്നും ചെറിയ കാര്യമല്ലേ, ഇത്രവലിയ പ്രശ്നമാക്കണോ എന്നുമായിരുന്നു പ്രതികരണമെന്നും അദ്ധ്യാപിക പറയുന്നു. സംഭവം വിവാദമായതോടെ മന്ത്രി ആന്റണി രാജു ഫോണിൽ വിളിച്ച് കണ്ടക്ടർക്കെതിരെ എത്രയും പെട്ടെന്ന് നടപടിയുണ്ടാകുമെന്ന് അദ്ധ്യാപികയ്ക്ക് ഉറപ്പ് നൽകി.
ബസ് തൃശൂരിലെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് അദ്ധ്യാപിക ആവശ്യപ്പെട്ടതനുസരിച്ച് ടോൾ ബൂത്തിലുണ്ടായിരുന്ന പൊലീസുകാരോട് കണ്ടക്ടർ വിവരം പറഞ്ഞു. അതിനിടെ ഉപദ്രവിച്ചയാൾ ബസിൽനിന്ന് ഇറങ്ങിപ്പോയി. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് പരാതി നൽകാൻ കോഴിക്കോടെത്തും വരെ കാത്തിരുന്നതെന്നും അദ്ധ്യാപിക പറഞ്ഞു. ഇന്നലെ രാവിലെ നടക്കാവ് പൊലീസിൽ പരാതി നൽകി. പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ അദ്ധ്യാപികയ്ക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് കണ്ടക്ടർ സമ്മതിച്ചു.
നടപടിയെടുക്കും: മന്ത്രി
കണ്ടക്ടർക്കെതിരായ പരാതി അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് എം.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.
പരാതിക്കാരിക്ക് നീതി ലഭ്യമാക്കും: വനിതാ കമ്മിഷൻ
കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. ബസ് ജീവനക്കാർക്കും സഹയാത്രക്കാർക്കും സ്ത്രീ സുരക്ഷയെക്കുറിച്ച് ധാരണയില്ലാതിരുന്നത് ഖേദകരമാണ്. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകും. അവർക്ക് നീതി ലഭ്യമാക്കും.