
കീവ്: റഷ്യ - യുക്രെയിൻ യുദ്ധത്തിന്റെ കാഠിന്യം ദിവസേന കൂടിവരുമ്പോൾ മറുവശത്ത് യുക്രെയിൻ ജനത റഷ്യൻ അധിനിവേശത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ്. അതിനു വേണ്ടി ആയുധങ്ങൾ ഉപയോഗിക്കുന്ന രീതികളെകുറിച്ചുള്ള ക്രാഷ് കോഴ്സുകളിൽ പങ്കെടുക്കുന്ന തിരക്കിലാണ് അവരിൽ ഭൂരിഭാഗവും. ഇക്കൂട്ടരിൽ ഡോക്ടർമാർ മുതൽ സ്കൂൾ അദ്ധ്യാപകരും ഫുട്ബാൾ താരങ്ങളും വരെയുണ്ട്. ഇന്നേവരെ തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചിട്ടില്ലാത്ത എന്നാൽ റഷ്യയ്ക്കെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടി യുക്രെയിൻ സൈന്യം നടത്തുന്ന ആയുധപരിശീലനങ്ങൾ രാജ്യത്തെങ്ങും നടക്കുകയാണ്.
യുക്രെയിനിലെ ലിവിവ് പട്ടണത്തിൽ നടക്കുന്ന ഇത്തരമൊരു ക്രാഷ് കോഴ്സിൽ ഏകദേശം മുപ്പതോളം പേർ പങ്കെടുക്കുന്നുണ്ട്. 21ാം നൂറ്റാണ്ടിൽ നമുക്ക് ജീവിക്കാൻ വേണ്ടി വരില്ലെന്ന് കരുതിയിരുന്ന ചില അറിവുകൾ നേടിയെടുക്കുന്ന തിരക്കിലാണ് തങ്ങളെന്ന് ക്രാഷ് കോഴ്സിൽ പങ്കെടുക്കുന്ന ആന്ദ്രെ സെൻകെവ് എന്ന 27കാരൻ പറഞ്ഞു. ഒരു യൂട്യൂബ് വ്‌ളോഗറായ സെൻകെവിന് ഇതിന് മുമ്പ് തോക്കുകൾ വീഡിയോ ഗെയിമിൽ മാത്രം കണ്ടുള്ള പരിചയം മാത്രമാണുള്ളത്. പലരും റഷ്യൻ സൈനികരെ നേരിടാൻ ഒരുങ്ങിയിട്ടില്ലെങ്കിലും രാജ്യത്തിന് വേണ്ടി അത് ചെയ്യാൻ തയ്യാറാണെന്നും മാദ്ധ്യമപ്രവർത്തകരോട് സെൻകെവ് പറഞ്ഞു.
അതേസമയം യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നുവെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അവശേഷിക്കുന്ന വിദ്യാർത്ഥികൾ ബുഡാപെസ്റ്റിലെ ഹംഗേറിയൻ സിറ്റി സെന്ററിൽ എത്തിച്ചേരണമെന്നും എംബസി നിർദേശം നൽകി. യുക്രെയിനിൽ അവശേഷിക്കുന്ന വിദ്യാർത്ഥികൾ വിവരങ്ങൾ ഓപ്പറേഷൻ ഗംഗയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് കീവിലെ ഇന്ത്യൻ എംബസിയും നിർദേശിച്ചു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 വിദ്യാർത്ഥികൾ ഇന്ത്യയിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങൾ സർവീസ് നടത്തിയെന്നും 2900 ഇന്ത്യക്കാരെ തിരികെയെത്തിച്ചെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.