blasters

പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് 4-4ന് എഫ്.സി ഗോവയുമായി സമനിലയിൽ പിരിഞ്ഞു.

മഡ്ഗാവ് : ഉറപ്പായ സെമിഫൈനലിന്റെ ആവേശത്തിറങ്ങിയ കേരള ബ്ളാസ്റ്റേഴ്സ് 4-4ന്റെ സമനിലയോടെ ഐ.എസ്.എൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കി. ശനിയാഴ്ച ഹൈദരാബാദ് എഫ്.സിയോട് മുംബയ് സിറ്റി തോറ്റതോടെയാണ് കേരള ബ്ളാസ്റ്റേഴ്സിന് സെമിഫൈനൽ സ്ഥാനം ഉറപ്പായത്. ബ്ളാസ്റ്റേഴ്സ് ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിൽ ഗോവയിൽ നിന്ന് നാലുഗോളുകൾ തുടർച്ചയായി ഏറ്റുവാങ്ങിയതോടെ തോൽവി മണത്തെങ്കിലും രണ്ടെണ്ണം കൂടിയടിച്ച് കളി സമനിലയിലാക്കി. ബ്ളാസ്റ്റേഴ്സിനായി ജോർജ് പെരേര ഡയസ് ഇരട്ടഗോളുകളും വിൻസിയും വസ്ക്വേസും ഓരോ ഗോളും നേടി. ഗോവയ്ക്കായി കാർബ്രേറ ഹാട്രിക് നേടി.അയ്ബൻ ഒരു ഗോളടിച്ചു.

ആദ്യ പകുതിയിൽ ജോർജ് പെരേര ഡയസിന്റെ ഇരട്ട ഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നത്. 10-ാ ം മിനിട്ടിൽ ഒരു സെറ്റ്പീസിൽ നിന്ന് സഹൽ നൽകിയ പാസാണ് പെരേര ആദ്യ ഗോളാക്കി മാറ്റിയത്. 25-ാം മിനിട്ടിൽ ചെഞ്ചോയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് പെരേര രണ്ടാം ഗോളാക്കിയത്.

മൂന്ന് മാറ്റങ്ങളുമായിറങ്ങിയ രണ്ടാം പകുതിയിലായിരുന്നു ഗോവൻ തിരിച്ചുവരവ്.49-ാം മിനിട്ടിൽ എഡു ബേഡിയയുടെ ക്രോസിൽ നിന്ന് അയ്റാം കാർബ്രേറ ആദ്യ ഗോൾ നേടി. 63-ാം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെ കാർബ്രേറതന്നെ സമനില ഗോളും നേടി .79-ാം മിനിട്ടിൽ അയ്ബൻ നേടിയ ഗോളിനാണ് ഗോവ മുന്നിലെത്തിയത്. തൊട്ടുപിന്നാലെ കാർബ്രേറ ഹാട്രിക്കും തികച്ചു. എന്നാൽ ആവേശം ഒട്ടും കുറയ്ക്കാൻ ബ്ളാസ്റ്റേഴ്സും തയ്യാറായില്ല. 88-ാം മിനിട്ടിൽ ചെഞ്ചോയുടെ പാസിൽനിന്ന് വിൻസി ബാരറ്റോയും 90-ാം മിനിട്ടിൽ വസ്ക്വേസും സ്കോർ ചെയ്തതോടെ കളി വീണ്ടും സമനിലയിലായി.

ഈ സമനിലയോടെ 20 മത്സരങ്ങളിൽ നിന്ന് 34 പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് ബ്ളാസ്റ്റേഴ്സ് പ്ളേ ഓഫിലേക്ക് എത്തുന്നത്. അഞ്ചുവർഷത്തിന് ശേഷമാണ് ബ്ളാസ്റ്റേഴ്സ് സെമിഫൈനലിൽ ഇടം പിടിക്കുന്നത്.