ajit-pawar-modi

മുംബയ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ വച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കൊശ്യാരിയെ വിമർശിച്ച് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയും എൻ സി പി നേതാവുമായ അജിത് പവാർ. സംസ്ഥാന സർക്കാരിന്റെ വിവിധ വികസന പ്രവ‌ർത്തനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൂനെയിലെ എ ഐ ടി കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിനിടെയാണ് പവാറിന്റെ വിമർശനം. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവർണർ കൊശ്യാരിയും പങ്കെടുത്തിരുന്നു. ഇരുവരെയും വേദിയിലിരുത്തി കൊണ്ടായിരുന്നു പവാറിന്റെ പ്രസംഗം.

കുറച്ചു ദിവസം മുമ്പ് ഛത്രപതി ശിവജിയുടെ ഗുരുവായി സമ‌ർത്ഥ് രാംദാസിനെ വിശേഷിപ്പിച്ച് കൊശ്യാരി ഒരു ചടങ്ങിൽ സംസാരിച്ചിരുന്നു. ഇത് മഹാരാഷ്ട്ര സർ‌ക്കാരിന് നേതൃത്വം നൽകുന്ന മഹാ വികാസ് അഖാഡിയിലെ നേതാക്കളിൽ നിന്ന് എതിർപ്പ് ഉയരാൻ കാരണമായിരുന്നു. ചില ബി ജ പി നേതാക്കളും ഗവർണറുടെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഗവർണറുടെ ഈ പ്രസംഗം സൂചിപ്പിച്ചാണ് അജിത് പവാർ വിമ‌ർശനം ഉന്നയിച്ചതെന്ന് കരുതുന്നു.

സംസ്ഥാനത്തിന്റെ ഭരണത്തിൽ നിർണായക സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത ചില പ്രസ്താവനകൾ നടത്തുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ താൻ ആഗ്രഹിക്കുന്നെന്നായിരുന്നു ഗവർണറെ പേരെടുത്ത് പറയാതെയുള്ള ഉപമുഖ്യമന്ത്രിയുടെ വിമർശനം. കുറച്ചു നാളുകളായി മഹാരാഷ്ട്ര സർക്കാരും ഗവർണറും തമ്മിൽ അത്ര മികച്ച ബന്ധത്തിലല്ല. മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിമാരും ഗവർണറും വിവിധ വിഷയങ്ങളിൽ വിമർശനങ്ങൾ പരസ്പരം ഉന്നയിക്കുന്നത് കുറച്ചുനാളുകളായി പതിവാണ്.

आज पुण्यात विविध विकास कामांच्या भूमिपूजन आणि उद्धाटन कार्यक्रमांना देशाचे पंतप्रधान मा. श्री. नरेंद्रजी मोदी यांच्यासह उपस्थित राहिलो. pic.twitter.com/6RIBciqfXz

— Ajit Pawar (@AjitPawarSpeaks) March 6, 2022