
കീവ്: വിനിട്സ്യ വിമാനത്താവളം റഷ്യ റോക്കറ്റ് ആക്രമണത്തിൽ തകർത്തതായി യുക്രെയിൻ അറിയിച്ചു. എട്ടു റോക്കറ്റുകളാണ് പതിച്ചത്. ഖാർക്കീവിൽ ആണവ റിയാക്ടറും ആണവ ഇന്ധനവും സൂക്ഷിച്ചിട്ടുള്ള ഒരു ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലും റഷ്യ റോക്കറ്റാക്രമണം നടത്തി. അവിടെ അത്യാഹിതം സംഭവിച്ചോ എന്ന് വ്യക്തമല്ല. അപകടമുണ്ടായാൽ ഗുരുതരമായ റേഡിയേഷന് സാദ്ധ്യതയുണ്ട്.
അതിനിടെ തുർക്കി, ഫ്രഞ്ച് പ്രസിഡന്റുമാരും ഫ്രാൻസിസ് മാർപ്പാപ്പയും യുദ്ധം കൂടിയാലോചനയിലൂടെ അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് പുട്ടിനോട് അഭ്യർത്ഥിച്ചു. യുക്രെയിന് മീതേ വ്യോമ നിരോധന മേഖലയായി പ്രഖ്യാപിക്കാൻ പ്രസിഡന്റ് സെലെൻസ്കി ഇന്നലെയും നാറ്റോ സഖ്യത്തോട് ആവർത്തിച്ച് അഭ്യർത്ഥിച്ചു.
യു. എസ് പൗരന്മാർ
റഷ്യ വിടണം
വാഷിംഗ്ടൺ:യുക്രെയിൻ ആക്രമണം സുരക്ഷാപ്രശ്നങ്ങൾ രൂക്ഷമാക്കുന്ന പശ്ചാത്തലത്തിൽ റഷ്യയിലെ എല്ലാ അമേരിക്കൻ പൗരന്മാരും ഉടൻ രാജ്യം വിടണമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
നിലവിലെ സാഹചര്യത്തിൽ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ അമേരിക്കൻ പൗരന്മാരെ പീഡിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് ശനിയാഴ്ച പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
റഷ്യയിലെ യു. എസ് പൗരന്മാർക്കെല്ലാം സഹായം എത്തിക്കാൻ അമേരിക്കൻ എംബസിക്ക് പരിമിതികളുണ്ട്. കൊവിഡ് നിയന്ത്രണങ്ങളും, റഷ്യയിലേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ റദ്ദാക്കുന്നതും ഭീകരാക്രമണ സാദ്ധ്യതയും, പ്രാദേശിക നിയമങ്ങൾ കർശനമാക്കുന്നതും കണക്കിലെടുത്ത് അമേരിക്കൻ പൗരന്മാർ റഷ്യ വിടണം.
റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ കാരണം പല റഷ്യൻ ബാങ്കുകളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്വീകരിക്കാത്തതും പണത്തിന്റെ ദൗർലഭ്യവും പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇതെല്ലാം കണക്കിലെടുത്ത് യു.എസ് പൗരന്മാർ ഏത് മാർഗ്ഗത്തിലും റഷ്യ വിടണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചു.
മോസ്കോയിലെ അമേരിക്കൻ എംബസിയിലെ അവശ്യ ജീവനക്കാരൊഴികെയുള്ളവരെ കുടുംബ സമേതം നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചിട്ടുണ്ട്.