twinkle-khanna

മുംബയ്: രാജ്യത്തെ പിടിച്ചുലച്ച ഹിജാബ് വിഷയത്തിൽ ചില മതപണ്ഡിതരുടെ ന്യായീകരണങ്ങൾ കേട്ടാൽ ചിരി വരുമെന്ന് ബേലിവുഡ് താരം ട്വിങ്കിൾ ഖന്ന. എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും അതിലേക്ക് താൻ ഒരിക്കലും കൈ കടത്തില്ലെന്നും ട്വിങ്കിൾ ഖന്ന പറ‌ഞ്ഞു. എന്നാൽ ഹിജാബും ബുർഖയും ധരിച്ചാൽ പുരുഷന്മാരുടെ പ്രലോഭനങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കുമെന്ന തരത്തിലുള്ള ചില മതപണ്ഡിതരുടെ ന്യായീകരണങ്ങൾ കേൾക്കുമ്പോൾ തനിക്ക് ചിരി വരുമെന്ന് ട്വിങ്കിൾ ഖന്ന പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിൽ എഴുതിയ പംക്തിയിലാണ് മുൻ അഭിനേത്രി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഇത്തരത്തിൽ ചിന്തിക്കുന്നവർ പിൻസീറ്റിലേക്ക് ഇരുന്ന ശേഷം പുരോഗമനപരമായി ചിന്തിക്കുന്ന യുവതലമുറയ്ക്ക് അവസരം നൽകണമെന്നും താരം പറഞ്ഞു. സ്ത്രീകളുടെ തല കണ്ടു എന്നത് കൊണ്ട് അവരെ പീഡിപ്പിക്കണമെന്ന് തോന്നുന്ന പുരുഷന്മാർ വളരെ കുറവാണെന്നും കാമുകിയെ കൊണ്ട് ഡേറ്റിംഗിന് പോകുമ്പോൾ നിന്റെ തല എത്ര സുന്ദരമായിരിക്കുന്നു എന്ന് ആരെങ്കിലും പറയുമോ എന്നും ട്വിങ്കിൾ ഖന്ന ചോദിക്കുന്നു.