
കൊച്ചി: വനംകുപ്പിന്റെ ഫണ്ട് ബാങ്കുരേഖകൾ തിരുത്തി സ്വന്തമാക്കിയ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ വിജിലൻസ് കേസെടുത്തു. മലയാറ്റൂർ വനംവകുപ്പ് ഡിവിഷനിലെ സീനിയർ ക്ലർക്ക് രജനീഷ് തമ്പാനെതിരെയാണ് കേസെടുത്തത്. 25ലക്ഷം രൂപയാണ് ഇയാൾ അക്കൗണ്ട് തിരുത്തി കൈക്കലാക്കിയത്. മലയാറ്റൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എസ്. നരേന്ദ്രബാബു നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചത്. 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ജി.എസ്.ടി ആവശ്യത്തിനായുള്ള മലയാറ്റൂർ ഡിവിഷന്റെ എസ്.ബി.ഐ പെരുമ്പാവൂർ ബ്രാഞ്ചിലുള്ള അക്കൗണ്ട്, ഡി.എഫ്.ഒയുടെ മറ്റ് സർക്കാർ ആവശ്യങ്ങൾക്കുള്ള ട്രഷറി ബി.ഐ.എം.എസ്.എസ് അക്കൗണ്ടിൽ എന്നിവകളിൽ നിന്നാണ് രജനീഷ് തമ്പാൻ അക്കൗണ്ട് നമ്പർ തിരുത്തി പണംകൈക്കലാക്കിയത്. 25,14,238 രൂപയാണ് ആകെ തട്ടിയത്.
ഫണ്ട് വകമാറ്റം വനംവകുപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് വിജിലൻസിന് പരാതി നൽകിയത്. വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും. ഇയാൾക്ക് നിരവധി ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് വിജിലൻസ് സംശയിക്കുന്നു. തട്ടിയെടുത്ത പണം ബന്ധുക്കളുടെ ഉൾപ്പെട മറ്റ് ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. വരുംദിവസങ്ങളിൽ രജനീഷിനെ ചോദ്യംചെയ്യുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.