
കൊച്ചി: തനിക്കെതിരായ ലൈംഗികപീഡന ആരോപണങ്ങൾക്ക് പിന്നിൽ എതിരാളികളുടെ തന്ത്രമെന്ന് അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റ് പി.എസ്.സുജീഷ്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേസുമായി യാതൊരു
ബന്ധമില്ലെന്നും ചോദ്യംചെയ്യലിൽ ഇയാൾ ആവർത്തിച്ചു. ഒരുവർഷത്തിനിടെയാണ് തന്റെ വളർച്ച. ഇത് മേഖലയിലുള്ള പലർക്കും അസൂയയ്ക്ക് കാരണമായിട്ടുണ്ട്. പരാതികൾക്ക് പിന്നിൽ തന്നെ തകർക്കാനുള്ള ശ്രമമെന്നാണ് സുജീഷിന്റെ മൊഴി. എന്നാൽ സുജീഷിനെതിരെ ശക്തമായ തെളിവുണ്ടെന്നും ഇയാൾ പലകാര്യങ്ങളും ഒളിക്കാൻ ശ്രമിക്കുന്നതായും പൊലീസ് പറയുന്നു.
ശനിയാഴ്ച രാത്രിയാണ് സുജീഷ് പൊലീസിൽ കീഴടങ്ങിയത്. ചേരാനെല്ലൂരിലെ ഇയാളുടെ ടാറ്റൂ സ്റ്റുഡിയോയായ ഇങ്ക് ഫെക്ടഡിൽ ഇന്നലെ രാവിലെ എത്തിച്ച് തെളിവെടുത്തു. ഇവിടെവച്ചാണ് രണ്ട് യുവതികളെ ചൂഷണംചെയ്തത്. ഈ സ്ഥാപനം പാലാരിവട്ടത്തുള്ളപ്പോഴാണ് മറ്റ് നാല് യുവതികൾ ചൂഷണത്തിന് ഇരയായത്. കൊച്ചി സിറ്റി ഡി.സി.പി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിൽ ചേരാനെല്ലൂർ എസ്.എച്ച്.ഒയാണ് തെളിവെടുപ്പ് നടത്തിയത്. ഏതാനും മണിക്കൂർനീണ്ട തെളിവെടുപ്പിനുശേഷം രാവിലെ 11 മണിയോടെ അറസ്റ്ര് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചേരാനെല്ലൂർ സ്റ്റേഷനിൽ രണ്ടും പാലാരിവട്ടം സ്റ്റേഷനിൽ നാലും കേസുകളാണ് സുജീഷിനെതിരെ രജിസ്റ്റർചെയ്തത്. ആറ് കേസുകളിലുമായി വിശദമായി ചോദ്യംചെയ്യാൻ ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് വിവരം. ടാറ്റൂചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് കഴിഞ്ഞദിവസമാണ് 18കാരി സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. പിന്നാലേ സമാനഅനുഭവം തുറന്നുപറഞ്ഞ് ആറ് യുവതികൾകൂടി പൊലീസിനെ സമീപിച്ചു. ഇങ്ക് ഫെക്ടഡ് സ്റ്റുഡിയോയിൽനിന്ന് പിടിച്ചെടുത്ത ഡി.വി.ആർ, ഹാർഡ് ഡിസ്കുകൾ, ടാറ്റൂ ഗണ്ണുകൾ എന്നിവ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സുജീഷ് കുറ്റം ചെയ്തതായാണ് മനസ്സിലാക്കുന്നത്. കസ്റ്റഡിയിൽ വാങ്ങും. ടാറ്റൂ സ്റ്റുഡിയോകളിൽ കാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വി.യു. കുര്യാക്കോസ്.
ഡി.പി.പി, കൊച്ചി സിറ്റി