blasters

ബാംബൊലിം: ഐ എസ് എല്ലിലെ ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്സിനെ സമനിലയിൽ തളച്ച് എഫ്സി ഗോവ. ഇരുടീമും നാല് ഗോളുകൾ വീതം അടിച്ച മത്സരത്തിൽ ജോർജ് ഡയസിന്റെ ഇരട്ടഗോളിൽ ബ്‌ളാസ്റ്റേഴ്സായിരുന്നു ആദ്യപകുതിയിൽ മുന്നിട്ടു നിന്നത്. എന്നാൽ രണ്ടാംപകുതിയിൽ പകരക്കാരനായെത്തിയ അയ്റാം കബ്രേറയുടെ (49, 63, 82) ഹാട്രിക്ക് ഗോവക്ക് ഊർജം നൽകി. 79ാം മിനിട്ടിൽ അയ്ബാൻ ഗോവയുടെ നാലാം ഗോൾ സ്വന്തമാക്കി. എന്നാൽ അവസാന നിമിഷം പകരക്കാരായെത്തിയ വിൻസി ബരെറ്റൊയും (88) അൽവാരോ വാസ്‌കസും (90) തകർപ്പൻ ഗോളുകളുമായി ബ്ലാസ്‌റ്റേഴ്സിന് സമനിലയൊരുക്കി.

മത്സരം തുടങ്ങി 10ാം മിനിട്ടിൽ തന്നെ ഡയസ് ഗോവയുടെ വല കുലുക്കിയിരുന്നു. ഗോവയുടെ ഹൃതിക് തിവാരി തന്റെ ഒരു ടീമംഗത്തിന് നൽകിയ പാസ് തട്ടിയെടുത്ത സഹൽ, ഗോവയുടെ ബോക്സിനുള്ളിലായിരുന്ന ഡയസിന് ഒരു ലോ ക്രോസ് പാസ് നൽകുകയായിരുന്നു. ഗ്രൗണ്ടിലൂടെ തെന്നിയെത്തിയ ഡയസ് പന്ത് വലയിലേക്ക് വഴിതിരിച്ചുവിട്ടു. 25ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടിയിലൂടെ പെരേയ്‌ര ബ്‌ളാസ്റ്റേഴ്സിന്റെ ലീഡ് വീണ്ടും ഉയർത്തി.

ഒന്നാം പകുതി അവസാനിക്കുമ്പോൾ ലീഡ് ബ്‌ളാസ്റ്റേഴ്സിനായിരുന്നെങ്കിലും കളിയിൽ മികച്ചു നിന്നത് ഗോവയായിരുന്നു. ആദ്യപകുതിയിൽ ഉടനീളം ഏറ്റവും കൂടുതൽ ബോൾ പൊസഷൻ കൂടുതൽ ഉണ്ടായിരുന്നത് ഗോവയ്ക്കായിരുന്നു.എന്നാൽ തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ഗോവയ്ക്ക് സാധിച്ചില്ല. മറുവശത്ത്, ഇതിനോടകം സെമിഫൈനലിൽ പ്രവേശിച്ച് കഴിഞ്ഞ ബ്‌ളാസ്റ്റേഴ്സ് കാര്യമായ ആക്രമണങ്ങൾക്ക് മുതിർന്നില്ല. ആദ്യപകുതിയിൽ വെറും 29 ശതമാനം മാത്രമാണ് ബ്‌ളാസ്റ്റേഴ്സ് പന്ത് കൈവശം വച്ചിരുന്നത്. എന്നാൽ തങ്ങൾക്ക് ലഭിച്ച രണ്ട് അവസരങ്ങളും ഗോളാക്കി മാറ്റുന്നതിൽ ബ്‌ളാസ്റ്റേഴ്സ് വിജയിക്കുകയായിരുന്നു.

അവസാന മത്സരത്തിൽ മുംബൈ സിറ്റി ഹൈദരാബാദ് എഫ്സിയോട് തോറ്റതിനാൽ കളത്തിൽ ഇറങ്ങുംമുമ്പെ ബ്ലാസ്‌റ്റേഴ്സ് സെമി ഉറപ്പാക്കിയിരുന്നു. 20 കളിയിൽ 34 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്സ് ലീഗ് ഘട്ടം അവസാനിപ്പിച്ചത്.

പൊയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായിട്ടാണ് ബ്‌ളാസ്‌റ്റേഴ്സിന്റെ സെമിഫൈനൽ പോരാട്ടം. 11നും 12നുമാണ് സെമിഫൈനൽ മത്സരങ്ങൾ.