
വാഹനങ്ങളിലെ സൈലൻസറിൽ വരുത്തുന്ന അനധികൃത മാറ്റങ്ങൾ ശിശുകളെ മുതൽ വയോധികരെയും ഹൃദ്രോഗികളെയും വരെ ബാധിക്കുന്നതായി കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റിന്റെ കുറിപ്പ്. എം വി ഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനധികൃത മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലൻസറുകൾ ഉൾപ്പെടെ മാറ്റി ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകൾ സഹറോഡുപയോക്താക്കൾ എന്ന നിലയിൽ നിന്നും മാറി വീടിനുള്ളിൽ കഴിയുന്ന കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയായിട്ടുണ്ടെന്ന് കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള വാഹനങ്ങളിലെ അനധികൃത മാറ്റങ്ങളിൽ നിന്നും പൊതു നിരത്തുകളിലെ അഭ്യാസപ്രകടനങ്ങളിൽ നിന്നും ഒഴിവായി നിൽക്കണമെന്നും കുറിപ്പിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എൻജിനിലെ എക്സ്‌പ്ളോസീവ് നോയിസ് കുറക്കുന്നതോടൊപ്പം, കമ്പഷന്റെ ഭാഗമായി വരുന്ന വിഷവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വ്യാപരിക്കാതെ അവയെ പല ഘടകങ്ങളാക്കി ജീവജാലങ്ങൾക്ക് ഹാനികരമല്ലാത്ത വാതകങ്ങൾ ആക്കി മാറ്റുക എന്ന അത്യന്തം പ്രധാനപ്പെട്ട ജോലിയാണ് വാഹനത്തിലെ എക്സ്ഹൗസ്റ്റ് സിസ്റ്റത്തിന്റെ പ്രധാന ഭാഗമായ സൈലൻസറുകൾ ചെയ്തുവരുന്നത്. ഓരോ വാഹനത്തിന്റെയും സൗണ്ടുകൾ വ്യത്യസ്തം ആകുമ്പോഴും , പൊള്ളൂഷൻ നോംസിൽ കൂടുതൽ കണിശമായ നിർദേശങ്ങൾ വർഷം തോറും വരുമ്പോഴും , ഓരോ വാഹന നിർമ്മാതാക്കളും നിരവധി പരീക്ഷണ ഗവേഷണങ്ങൾക്ക് ശേഷമാണ് ഓരോ വാഹനത്തിന്റെയും എക്സ്ഹൗസ്റ്റ് സിസ്റ്റത്തിന്റെ രൂപകല്പന ചെയ്യുന്നതും, നിർമ്മിച്ചെടുക്കുന്നതും.... എന്നാൽ റോഡിലെ അഭ്യാസ പ്രകടനങ്ങൾക്കും, മത്സരയോട്ടത്തിനും, മറ്റുള്ളവരുടെ ശ്രദ്ധ നേടാനുമായി ചിലർ വാഹനത്തിന്റെ സൈലൻസറുകൾക്ക് അനധികൃത രൂപ മാറ്റങ്ങൾ വരുത്തുമ്പോൾ ഇതുകൊണ്ട് റോഡ് സുരക്ഷക്ക് എന്തു ഭീഷണിയാണ് എന്ന് ചോദിക്കുന്നവരും നമ്മുടെ നാട്ടിൽ കുറവല്ല. സാധാരണ നിയമലംഘനങ്ങൾ അത്തരം പ്രവൃത്തി ചെയ്യുന്നവരെയും ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ആണ് ബാധിക്കുന്നത്. എന്നാൽ അനധികൃത മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലൻസറുകൾ ഉൾപ്പെടെ മാറ്റി ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകൾ സഹറോഡുപയോക്താക്കൾ എന്ന നിലയിൽ നിന്നും മാറി വീടിനുള്ളിൽ കഴിയുന്ന കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയായിട്ടുണ്ട്. ഇത്തരം നിയമ ലംഘകർ റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഉണ്ടാക്കുന്ന തീവ്ര ശബ്ദങ്ങൾ ശിശുക്കൾ മുതൽ വയോധികർ വരെയുള്ള ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയർത്തുന്നത്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള വാഹനങ്ങളിലെ അനധികൃത മാറ്റങ്ങളിൽ നിന്നും പൊതു നിരത്തുകളിലെ അഭ്യാസപ്രകടനങ്ങളിൽ നിന്നും ഒഴിവായി നിൽക്കുക...