mummified-mermaid

ടോക്കിയോ : ഏകദേശം 300 വർഷം പഴക്കമുള്ള ഒരു മമ്മിയാണിത്. കാഴ്ചയിൽ അലറുന്ന ഒരു മനുഷ്യരൂപം. എന്നാൽ, കാലുകളില്ല. പകരം, നാം കഥകളിലൊക്കെ വായിച്ചറിഞ്ഞിട്ടുള്ള മത്സ്യകനിക എന്ന സാങ്കല്പിക കഥാപാത്രത്തിന്റേത് പോലുള്ള വാൽ.! ശരിക്കും എന്താണിത് ? അത് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരുകൂട്ടം ഗവേഷകർ.

1736നും 1741നും ഇടയിൽ ജപ്പാനിലെ ഷിക്കോകു ദ്വീപിന് സമീപം പസഫിക് സമുദ്രത്തിൽ നിന്നാണ് ഈ വിചിത്ര മമ്മി ലഭിച്ചത്. ഒരു മത്സ്യബന്ധനവലയിലാണത്രെ 12 ഇഞ്ച് നീളമുള്ള ഈ മമ്മി കുടുങ്ങിയത്. പലരുടെയും കൈവശം സൂക്ഷിക്കപ്പെട്ട ഈ മമ്മി നിലവിൽ അസാകുച്ചി നഗരത്തിലെ ഒരു ക്ഷേത്രത്തിലാണുള്ളത്. നാല്പത് വർഷങ്ങൾക്ക് മുമ്പാണ് ഇതിവിടെ എത്തിയതെന്ന് കരുതുന്നു. ഒരു പെട്ടിയ്ക്കുള്ളിലാണ് മമ്മിയുള്ളത്. ഒപ്പം ഈ മമ്മിയെ ലഭിച്ച കഥ, അതിനെ മുമ്പ് കൈവശം വച്ചിരുന്ന ഒരാൾ വിവരിക്കുന്ന കത്തും കാണാം.

മമ്മിയ്ക്ക് മനുഷ്യരുമായി സാദൃശ്യമുള്ള മുഖവും കൈകളും പല്ലുകളുമാണ്. കൂടാതെ, തലയിലും നെറ്റിയിലും മുടിയുമുണ്ട്. കൈകളിൽ നഖവുമുണ്ട്. എന്നാൽ ശരീരത്തിന് താഴേക്ക് വരുമ്പോൾ കാലുകൾക്ക് പകരം ചെതുമ്പലുകളോട് കൂടിയ വാൽ പോലെയുള്ള ചുരുണ്ട രൂപം ഏവരെയും അത്ഭുതപ്പെടുത്തുന്നു.

ഏതായാലും മമ്മിയെ പറ്റിയുള്ള വിവരങ്ങളെല്ലാം നാട്ടുകാരിൽ നിന്ന് ലഭിച്ചതാണ്. അതുകൊണ്ട് തന്നെ ഇത് ഏതെങ്കിലും ജീവിയുടെ അവശിഷ്ടമാണോ അതോ കൃത്രിമമായി നിർമ്മിക്കപ്പെട്ടതാണോ എന്ന് വ്യക്തമല്ല. വൈകാതെ ഇതിനൊരുത്തരം ഗവേഷകർക്ക് നൽകാനാകും എന്നാണ് പ്രതീക്ഷ. മമ്മിയുടെ ആന്തരിക ഘടന വ്യക്തമാകാൻ സിടി സ്കാൻ നടത്തുമെന്ന് കുറാഷികി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വ്യക്തമാക്കി. പണ്ടുകാലത്തുള്ളവർ തന്നെ സൃഷ്ടിച്ച ഒന്നാകാം ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ജപ്പാനീസ് നാടോടിക്കഥകളിൽ മത്സ്യകന്യകമാർക്ക് വളരെയേറെ പ്രാധാന്യമുണ്ട്. മത്സ്യകന്യകമാർക്ക് മരണമില്ലെന്നും മത്സ്യകന്യകയുടെ മാംസം കഴിക്കുന്നവർ നൂറുകണക്കിന് വർഷങ്ങൾ ജീവിച്ചിരിക്കുമെന്നുമുള്ള വിശ്വാസം ജപ്പാനീസ് ജനങ്ങൾക്കിടെയുണ്ട്.