
 കാണാനില്ലെന്ന പരാതിയിൽ പൊലീസ് ഉഴപ്പിയെന്ന് സഹോദരി
കാട്ടാക്കട: വീരണകാവ് അരുവിക്കുഴി ഏഴാമൂഴി സ്വദേശിയായ ഗായത്രിയുടെ (24) മരണത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. കാട്ടാക്കടയിൽ പോവുകയാണെന്ന് പറഞ്ഞ് ശനിയാഴ്ച ഉച്ചയോടെയാണ് ഗായത്രി വീട്ടിൽ നിന്നിറങ്ങിയത്. തിരികെ വരാത്തതിനാൽ മാതാവ് സുജാതയും വിദ്യാർത്ഥിയായ സഹോദരി ജയശ്രീയും ശനിയാഴ്ച വൈകിട്ട് 7ഓടെ കാട്ടാക്കട പൊലീസിൽ പരാതി നൽകി.
മകളെ കാണാനില്ലെന്നും മകളുടെ ഫോണിൽ നിന്ന് ഭീഷണിയുടെ സ്വരത്തിൽ യുവാവ് സംസാരിച്ചെന്നും അവർ പൊലീസിനോട് പറഞ്ഞു. ഗായത്രിക്ക് ഫോൺ കൈമാറാൻ ആവശ്യപ്പെട്ടിട്ടും യുവാവ് തയ്യാറായില്ലെന്നും, മകളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പൊലീസിനെ സമീപിച്ചത്. എന്നാൽ ഉഴപ്പൻ മട്ടിൽ പരാതി വാങ്ങിയശേഷം നോക്കാമെന്ന് പറഞ്ഞ് പൊലീസ് പറഞ്ഞയയ്ക്കുകയായിരുന്നെന്ന് സഹോദരി പറഞ്ഞു.
ഗായത്രിയുടെ മരണവിവരം അറിഞ്ഞ ഇരുവരെയും ബന്ധുക്കളും അയൽവാസികളും ഏറെ പണിപ്പെട്ടാണ് ശാന്തരാക്കിയത്. പിതാവ് മാരിയപ്പൻ 12 വർഷം മുമ്പാണ് മരിച്ചത്. സുജാത ഹോട്ടലുകളിലും വീടുകളിലും ജോലിചെയ്താണ് രണ്ട് പെൺമക്കളെയും വളർത്തിയത്. ബി.എഡിന് പഠിക്കുന്ന ജയശ്രി എം.എസ്സിക്ക് മൂന്നാം റാങ്ക് നേടിയിരുന്നു. സഹോദരിയുടെ പഠനത്തിനും ഗായത്രി തന്റെ വരുമാനത്തിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുകാർക്ക് കൈമാറിയ ഗായത്രിയുടെ മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
കൊലപാതകം, റോഡിൽ
തടിച്ചുകൂടി ആൾക്കൂട്ടം
 ഗായത്രിയും പ്രവീണും ഇതേ ഹോട്ടലിൽ കഴിഞ്ഞ 18നും റൂമെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഹോട്ടലുകാരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അതേസമയം യുവതിയുടെ മരണമറിഞ്ഞ് രാവിലെ മുതൽ തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലിന് മുമ്പിൽ ജനം തടിച്ചുകൂടിയതോടെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസ് ഇടപെട്ട് തടിച്ചുകൂടിയവരെ പിരിച്ചുവിടുകയായിരുന്നു.ഉച്ചയോടെ ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ ഹോട്ടലിലെത്തി തെളിവുകൾ ശേഖരിച്ചു. ഡി.സി.പി അങ്കിത് അശോകൻ, കമ്മിഷണർ സ്പർജൻ കുമാർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തി അന്വേഷണം ഏകോപിപ്പിച്ചു. ഇതിനിടെ പ്രവീൺ ഗായത്രിയെ പള്ളിയിൽവച്ച് മിന്നുകെട്ടുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.ഫോട്ടോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റംലഭിച്ച പ്രവീൺ അവിടേക്ക് പോകുന്നതിന് മുന്നോടിയായാണ് ഗായത്രിയുമായി കണ്ടുമുട്ടിയതെന്നാണ് സൂചന. ഇന്നലെ പ്രവീണുമായി നിൽക്കുന്ന ചിത്രങ്ങൾ ഗായത്രി വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറഞ്ഞു.
വിവാഹം ഒരുവർഷം
മുൻപെന്ന് വിവരം
തിരുവനന്തപുരത്തെ പള്ളിയിൽ വച്ച് പ്രവീൺ ഗായത്രിയെ വിവാഹം കഴിക്കുന്നത് ഒരു വർഷം മുൻപെന്ന് സൂചന. ജുവലറിയിലെ ഡ്രൈവറായിരുന്ന പ്രവീണും റിസപ്ഷനിസ്റ്റായിരുന്ന ഗായത്രിയും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണ് പ്രണയത്തിലും തുടർന്ന് വിവാഹത്തിലുമെത്തിയത്.
എന്നാൽ ഇരുവരും വിവാഹക്കാര്യം മറച്ചുവച്ചു. പിന്നീട് ഇക്കാര്യമറിഞ്ഞ പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും, ഗായത്രിയുടെ വീട്ടുകാരെയും ജുവലറി അധികൃതരെയും വിവരം അറിയിച്ച് പ്രശ്നമുണ്ടാക്കി. തുടർന്നാണ് ഗായത്രിക്ക് ജോലി നഷ്ടപ്പെട്ടത്. പിന്നീട് ഗായത്രി വീടിനടുത്തുള്ള ജിംനേഷ്യത്തിൽ പരിശീലകയായി.
എന്നാൽ ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. അവധി ദിവസങ്ങളിൽ പ്രവീൺ പരവൂരിലെ വീട്ടിൽ പോകാതെ തിരുവനന്തപുരത്ത് തങ്ങുമായിരുന്നു. ഇക്കാര്യത്തിൽ പ്രവീണിന്റെ ബന്ധുക്കൾ ജുവലറിയിലെത്തി പരാതി പറഞ്ഞതിനെ തുടർന്നാണ് ഇയാളെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റിയത്.
ഫേസ്ബുക്ക് പോസ്റ്റിനും ഫോൺ
വിളിക്കും പിന്നിൽ പ്രവീൺ
 ഗായത്രിയെ വീട്ടുകാർ അന്വേഷിക്കാതിരിക്കാനുള്ള തന്ത്രം
ഹോട്ടൽ മുറിയിൽ ഗായത്രി മരിച്ചുകിടക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഇരുവരുടെയും മിന്നുകെട്ടിന്റെ ഫോട്ടോയ്ക്ക് പിന്നിൽ പ്രവീൺ. കൊലപാതകത്തിനുശേഷം യുവതിയുടെ ഫോണുമായി രക്ഷപ്പെട്ട പ്രവീൺ ഗായത്രിയുടെ സഹോദരിയുടെ ഫോണിൽ വിളിച്ച് ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അറിയിച്ചതിന് പിന്നാലെയാണ് യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പള്ളിയുടെ പശ്ചാത്തലത്തിലുള്ള വിവാഹഫോട്ടോ പോസ്റ്റുചെയ്തത്.
പ്രവീണുമായി വിവാഹം ചെയ്തതിന്റെ ഫോട്ടോ ഗായത്രി പോസ്റ്റ് ചെയ്തതാണെന്ന് വീട്ടുകാരെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കാനായിരുന്നു ഈ തന്ത്രമെന്നാണ് കരുതുന്നത്. ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അമ്മയെ അറിയിക്കുകയും ചെയ്തതോടെ വീട്ടുകാർ തെരച്ചിലിന് ഇറങ്ങില്ലെന്നായിരിക്കാം പ്രവീൺ കരുതിയത്. വീട്ടുകാർ പൊലീസിനെ സമീപിച്ചാൽ തന്നിലേക്ക് അന്വേഷണം നീളുമെന്നും പിടിക്കപ്പെടുമെന്നും കരുതി അത് ഒഴിവാക്കാനുള്ള തന്ത്രമായിട്ടാണ് ഫേസ്ബുക്ക് പോസ്റ്റിനെയും ഫോൺ വിളിയെയും പൊലീസ് കാണുന്നത്.
എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ പ്രവീൺ ഇക്കാര്യം വെളിപ്പെടുത്തുകയും സൈബർ പൊലീസിന്റെ സഹായത്തോടെ ഫേസ്ബുക്ക് പോസ്റ്റിന്റെയും ഫോൺവിളികളുടെയും വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്താലേ ഇക്കാര്യം ഉറപ്പിക്കാനാകൂ. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് താലികെട്ടുന്ന ഫോട്ടോ എഫ്.ബിയിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ആറോടെ ജയശ്രീയുടെ മൊബൈലിലേക്ക് വിളിക്കുകയായിരുന്നു.
താൻ പ്രവീൺ ആണെന്നും ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അറിയിച്ചും ഭീഷണിയുടെ സ്വരത്തിലാണ് പ്രവീൺ സംസാരിച്ചത്. എന്നാൽ ഗായത്രിക്ക് ഫോൺ കൈമാറണമെന്ന അമ്മയുടെ ആവശ്യത്തിന് മറുപടി നൽകാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിൽ സംശയം തോന്നിയ വീട്ടുകാർ കാട്ടാക്കട പൊലീസിൽ പരാതി നൽകി. പിന്നാലെയാണ് അർദ്ധരാത്രിയോടെ മൃതദേഹം മുറിയിലുള്ളതായി പ്രവീൺ ഹോട്ടലുകാരെ അറിയിച്ചത്. കൃത്യത്തിനുശേഷം ആരിൽ നിന്നെങ്കിലും ലഭിച്ച ഉപദേശത്തിന്റെയോ വീണ്ടുവിചാരത്തിന്റെയോ ഭാഗമാകാം വിവരം പൊലീസിന് കൈമാറാനും പിന്നീട് സ്റ്റേഷനിൽ കീഴടങ്ങാനും പ്രവീണിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.