
ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എൻ.എസ്.ഇ) ഡേറ്റാ സെന്റർ കേസിൽ മുൻ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ചിത്ര രാംകൃഷ്ണയെ സി ബി ഐ അറസ്റ്റ് ചെയ്തു. 2018ൽ എൻ എസ് ഇ ക്രമകേടിലൂടെ പൊതുജനങ്ങൾക്ക് ഭീമമായ തുക നഷ്ടംവരുത്തിയെന്ന കേസിലാണ് ചിത്രയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്ര രാംകൃഷ്ണയുടെ മുൻകൂർ ജാമ്യഹർജി ഡൽഹിയിലെ പ്രത്യേക സി ബി ഐ കോടതി തള്ളിയിരുന്നു. എൻ എസ് ഇ ക്രമക്കേടിലൂടെ പൊതുജനങ്ങൾക്ക് ഭീമമായ നഷ്ടമുണ്ടായെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുന്ന പ്രവർത്തനങ്ങളാണ് ചിത്രയിൽ നിന്നുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.
ചിത്ര മുൻകൂർ ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അതിന് അവസരം നൽകാതെ സി ബി ഐ ഇന്ന് വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വൻകിട ബ്രോക്കർമാർക്ക് എൻ എസ് ഇയുടെ സെർവറുകളിലേക്ക് നുഴഞ്ഞുകയറാനും അതുവഴി ഓഹരി വിവരങ്ങൾ ചോർത്തി അനധികൃത ലാഭം കൊയ്യാനും അവസരമൊരുക്കിയതും സാമ്പത്തിക തിരിമറി നടത്തിയതും സംബന്ധിച്ചാണ് ചിത്രയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. അജ്ഞാതനായ ഹിമാലയൻ യോഗിക്ക് എൻ എസ് ഇയിലെ നിർണായകവിവരങ്ങൾ ചോർത്തിയെന്ന കുറ്റവുമുണ്ട്.
ചിത്രയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണ് അജ്ഞാതനായ യോഗിയെന്ന് സി ബി ഐ സ്ഥിരീകരിച്ചിരുന്നു. ആനന്ദിനെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.