
ന്യൂഡൽഹി: സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാർദ്ദപരമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരള പൊതുമണ്ഡലത്തിന് നഷ്ടമാണ്.
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണ്.
രാഷ്ട്രീയ വിയോജിപ്പുകളോട് തുല്യത ഇല്ലാത്ത സൗമ്യപ്രതികരണത്തിന്റെ അന്തസ് പ്രകടിപ്പിച്ച നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധി  ഇന്നെത്തും 
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി ഇന്ന് മലപ്പുറത്ത് എത്തും. രാവിലെ എട്ടിന് കരിപ്പൂരിൽ വിമാനമിറങ്ങുന്ന അദ്ദേഹം ഒമ്പത് മണിയോടെ മലപ്പുറത്തെത്തി ആദരാഞ്ജലിയർപ്പിച്ച ശേഷം വയനാട്ടിലേക്ക് തിരിക്കും.