
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (74 ) കബറടക്കം ഉടൻ നടത്തും. പുലർച്ചെ ഒന്നിന് കബറടക്കം പാണക്കാട് ജുമാമസ്‌ജിദിൽ നടത്താനാണ് തീരുമാനം, മൃതദേഹം ഏറെനേരം വച്ചിരിക്കാൻ കഴിയാത്ത സാഹചര്യത്തെ തുടർന്നാണ് കബറടക്കം നേരത്തെയാക്കിയതെന്ന് സാദിഖലി തങ്ങൾ അറിയിച്ചു .
മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശ വാഹകനായിരുന്ന ഹൈദരലി തങ്ങൾ ഇന്നലെ ഉച്ചയ്ക്ക് 1.40ന് എറണാകുളം അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിലാണ് അന്തരിച്ചത്
ഏറെ നാളായി കാൻസറിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കീമോതെറാപ്പി തുടരുന്നതിനിടെ പ്രമേഹം വർദ്ധിച്ച് ഒരു കണ്ണ് തുറക്കാനാകാത്ത സ്ഥിതിയിലായി. തുടർന്നാണ് ഫെബ്രുവരി 22ന് അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ന്യുമോണിയയെത്തുടർന്ന് ആരോഗ്യനില വഷളായതോടെ, ന്യൂറോ ഐ.സി.യുവിലേക്ക് മാറ്റി. ഇന്നലെ രാവിലെ മുതൽ ചികിത്സയോട് പ്രതികരിക്കാതായി. മരണ സമയത്ത് ഭാര്യ ഫാത്തിമ സുഹ്റബീവിയും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. സമീപത്തെ ബദരിയ ജുമാമസ്ജിദിൽ ജനാസ നമസ്കാരത്തിനു ശേഷം ഇന്നലെ 3.15നാണ് മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുപോയത്.