
ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധ ചെലുത്തുന്നവർ പീച്ചിങ്ങയെപ്പറ്റി അറിയാതെ പോകരുത്. ഇരുമ്പ് , മഗ്നീഷ്യം, സിങ്ക് എന്നീ ധാതുക്കൾ ധാരാളമായി അടങ്ങിയിരിക്കുന്ന പീച്ചിങ്ങ കൊളസ്ട്രോൾ നിയന്ത്രിച്ചു നിറുത്താൻ സഹായിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ ഈ പച്ചക്കറി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ, അമിത ഭാരമുള്ളവർ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിനായി പീച്ചിങ്ങയുടെ കാമ്പും, പനങ്കൽക്കണ്ടവും ചെറുനാരങ്ങാ നീരും ചേർത്ത് ജ്യൂസാക്കി കുടിക്കാവുന്നതാണ്. കൂടാതെ മലബന്ധം തടയാനും ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും പീച്ചിങ്ങ ഉപയോഗിക്കാം.പീച്ചിങ്ങ മാത്രമല്ല ഇതിന്റെ ഇലയും ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും ഇതിനുണ്ട്. പീച്ചിങ്ങ കാമ്പിലുള്ള കരോട്ടിൻ, കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പീച്ചിങ്ങ ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് തേച്ചാൽ അകാല നരയും മുടി കൊഴിച്ചിലും മാറും.