kk

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയ്ക്ക് ഗംഭീര വരവേല്പാണ് ലഭിച്ചത്. തിയേറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടിയിലും ചിത്രത്തിന് മികച്ച സ്വീകരണം ലഭിച്ചു. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമായിരുന്നു ചിത്രത്തിലെ നായികമാർ. ഹൃദയത്തിലെ പ്രണവ് മോഹൻലാലിന്റെ പ്രകടനത്തിനും കൈയടി ലഭിച്ചു. ഇപ്പോഴിതാ ഹൃദയത്തിലെ പ്രണവിന്റെ അഭിനയത്തെ പ്രശംസിച്ചത് പ്രശസ്ത സംവിധായകൻ ഭദ്രൻ മാട്ടേലാണ്. ഒരു അഭിനേതാവിന്റെ നല്ല പെർഫോമൻസിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രൻ സർ എന്തേ 'ഹൃദയ'ത്തിലെ പ്രണവിനെ മറന്നു പോയി എന്ന ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഭദ്രൻ ഇക്കാര്യം ഫേസ്‌ബുക്കിൽ കുറിച്ചത്.

ഹൃദയ'ത്തിലെ പ്രണവ്.എന്ത് ഗ്രേസ്‌ഫുൾ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നുവെന്ന് ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ വെയിലിലെയും ഭൂതകാലത്തിലെയും ഷെയ്ൻ നിഗമിന്റെ അഭിനയത്തെക്കുറിച്ചും കുറുപ്പിലെ ഷൈൻ ടോം ചാക്കോയുടെ പ്രകടനത്തെ പ്രശംസിച്ചും ഭദ്രൻ രംഗത്തെത്തിയിരുന്നു.

ഭദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകർ വാട്സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു , ഒരു അഭിനേതാവിന്റെ നല്ല പെർഫോമൻസിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രൻ സർ എന്തേ 'ഹൃദയ'ത്തിലെ പ്രണവിനെ മറന്നു പോയി.

സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി.

പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, 'ഹൃദയ'ത്തിലെ പ്രണവ്.എന്ത് ഗ്രേസ്ഫുൾ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു.