vavaa

ആലപ്പുഴ: മൂർഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന ശേഷം വീണ്ടും സഹായത്തിനെത്തി പാമ്പിനെ പിടികൂടി വാവ സുരേഷ്. ഇത്തവണയും പിടികൂടിയത് ഒരു മൂർഖൻ പാമ്പിനെയാണ്. ആലപ്പുഴ ചാരുംമൂട് ടെക്‌സ്‌റ്റയിൽസ് ഉടമ മുകേഷിന്റെ വീട്ടിലെ ബൈക്കിലാണ് മൂ‌ർഖൻ കയറിയൊളിച്ചത്. ഞായറാഴ്‌ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. മുകേഷിന്റെ മകൻ അഖിൽ ജിമ്മിൽ പോകാൻ ബുള‌ളറ്റ് എടുക്കുമ്പോൾ തൊട്ടടുത്ത് തറയിലുണ്ടായിരുന്ന മൂർഖൻ പത്തിവിടർത്തി കൊത്താനാഞ്ഞു. അഖിൽ കൊത്തേൽക്കാതെ മാറി. ഈ തക്കത്തിന് അടുത്ത് മൂടിയിട്ടിരുന്ന യമഹ ബൈക്കിലേക്ക് പാമ്പ് കയറി.

വീട്ടുകാർ ശ്രമിച്ചിട്ട് പാമ്പ് പോയില്ല. ഇതിനിടെ ആരോ വാവ സുരേഷിനെ വിവരമറിയിച്ചു. വാവ വരാമെന്നേറ്റതോടെ ആളുകൾ തടിച്ചുകൂടി. രാത്രി എട്ടരയോടെ സ്ഥലത്തെത്തിയ വാവ ബൈക്കിന്റെ കവർ മാറ്റിയതോടെ ഹാന്റിലിൽ ചുറ്റിപിണഞ്ഞിരുന്ന പാമ്പിനെ കണ്ടു. പാമ്പിനെ സുരക്ഷിതമായി വാവ പ്ളാസ്‌റ്റിക് പാത്രത്തിലാക്കിയതോടെ വീട്ടുകാർക്ക് ആശ്വാസമായി. രണ്ട് വയസ് പ്രായമുള‌ള മൂർഖനായിരുന്നു ചാരുംമൂടുകാരെ അഞ്ച്മണിക്കൂർ വിറപ്പിച്ചത്.