oil-price

മുംബയ്: യുക്രെയിനിലെ റഷ്യൻ ആക്രണമത്തിന് പിന്നാലെ ലോകമാകെ എണ്ണവില ഉയരുമെന്ന് ആശങ്ക. ബ്രെന്റ് ക്രൂഡ് ഓയിൽ വില 130 ഡോളർ കടന്നതോടെ അതിന്റെ പ്രതിഫലനം ഇന്ത്യയിലുമുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. കഴിഞ്ഞ 13 വ‌ർഷത്തിനിടെ ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനയാണിത്. രാജ്യത്ത് ഇതിന്റെ ഫലമായി 22 രൂപ വരെ പെട്രോളിന് ഉയർന്നേക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.

റഷ്യ യുക്രെയിനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള‌ള എണ്ണ ഇറക്കുമതി നിരോധിക്കുന്നതിനെക്കുറിച്ചുള‌ള ആലോചനയിലാണ് അമേരിക്ക. യൂറോപ്യൻ രാജ്യങ്ങളുമായി ഇക്കാര്യങ്ങൾ ആലോചിച്ചുവരികയാണെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്റണി ബ്ളിങ്കൻ പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് വില കുത്തനെ കൂടിയത്.

യൂറോപ്യൻ കമ്മീഷൻ ഈ ആശയത്തോട് പൂർണമായും അനുകൂലിക്കുന്നില്ലെങ്കിലും പുടിന്റെ യുക്രെയിനിലെ അധിനിവേശ ശ്രമം ചെറുക്കാൻ ഇതിലൂടെ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്. ബാങ്ക് ഓഫ് അമേരിക്കയിലെ വിദഗ്ദ്ധർ കണക്കുകൂട്ടുന്നതനുസരിച്ച് റഷ്യയിൽ നിന്നുള‌ള എണ്ണ ഇറക്കുമതി നിർത്തിയാൽ ലോകവിപണിയിൽ അഞ്ച് മില്യൺ ബാരൽ ക്ഷാമമുണ്ടാകും. ഇത് ബാരലിന് 200 ഡോളറിന് മുകളിൽ എണ്ണ‌വില എത്താൻ കാരണമായേക്കുമെന്നാണ് കരുതുന്നത്.