
തിരുവനന്തപുരം: ഹോട്ടൽ മുറിയിൽ ഗായത്രി മരിച്ചുകിടക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഇരുവരുടെയും മിന്നുകെട്ടിന്റെ ഫോട്ടോയ്ക്ക് പിന്നിൽ പ്രവീൺ. കൊലപാതകത്തിനുശേഷം യുവതിയുടെ ഫോണുമായി രക്ഷപ്പെട്ട പ്രവീൺ ഗായത്രിയുടെ സഹോദരിയുടെ ഫോണിൽ വിളിച്ച് ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അറിയിച്ചതിന് പിന്നാലെയാണ് യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പള്ളിയുടെ പശ്ചാത്തലത്തിലുള്ള വിവാഹഫോട്ടോ പോസ്റ്റുചെയ്തത്.
പ്രവീണുമായി വിവാഹം ചെയ്തതിന്റെ ഫോട്ടോ ഗായത്രി പോസ്റ്റ് ചെയ്തതാണെന്ന് വീട്ടുകാരെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കാനായിരുന്നു ഈ തന്ത്രമെന്നാണ് കരുതുന്നത്. ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അമ്മയെ അറിയിക്കുകയും ചെയ്തതോടെ വീട്ടുകാർ തെരച്ചിലിന് ഇറങ്ങില്ലെന്നായിരിക്കാം പ്രവീൺ കരുതിയത്. വീട്ടുകാർ പൊലീസിനെ സമീപിച്ചാൽ തന്നിലേക്ക് അന്വേഷണം നീളുമെന്നും പിടിക്കപ്പെടുമെന്നും കരുതി അത് ഒഴിവാക്കാനുള്ള തന്ത്രമായിട്ടാണ് ഫേസ്ബുക്ക് പോസ്റ്റിനെയും ഫോൺ വിളിയെയും പൊലീസ് കാണുന്നത്.
എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ പ്രവീൺ ഇക്കാര്യം വെളിപ്പെടുത്തുകയും സൈബർ പൊലീസിന്റെ സഹായത്തോടെ ഫേസ്ബുക്ക് പോസ്റ്റിന്റെയും ഫോൺവിളികളുടെയും വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്താലേ ഇക്കാര്യം ഉറപ്പിക്കാനാകൂ. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് താലികെട്ടുന്ന ഫോട്ടോ എഫ്.ബിയിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ആറോടെ ജയശ്രീയുടെ മൊബൈലിലേക്ക് വിളിക്കുകയായിരുന്നു.
താൻ പ്രവീൺ ആണെന്നും ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അറിയിച്ചും ഭീഷണിയുടെ സ്വരത്തിലാണ് പ്രവീൺ സംസാരിച്ചത്. എന്നാൽ ഗായത്രിക്ക് ഫോൺ കൈമാറണമെന്ന അമ്മയുടെ ആവശ്യത്തിന് മറുപടി നൽകാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിൽ സംശയം തോന്നിയ വീട്ടുകാർ കാട്ടാക്കട പൊലീസിൽ പരാതി നൽകി. പിന്നാലെയാണ് അർദ്ധരാത്രിയോടെ മൃതദേഹം മുറിയിലുള്ളതായി പ്രവീൺ ഹോട്ടലുകാരെ അറിയിച്ചത്. കൃത്യത്തിനുശേഷം ആരിൽ നിന്നെങ്കിലും ലഭിച്ച ഉപദേശത്തിന്റെയോ വീണ്ടുവിചാരത്തിന്റെയോ ഭാഗമാകാം വിവരം പൊലീസിന് കൈമാറാനും പിന്നീട് സ്റ്റേഷനിൽ കീഴടങ്ങാനും പ്രവീണിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.