mohanlal

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോയാണ് ബിഗ് ബോസ് മലയാളം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സീസൺ നാലിന്റെ പ്രഖ്യാപനം ചാനൽ നടത്തിയത്. അതോടെ പുതിയ സീസണിൽ ആരൊക്കെയുണ്ടാകും എന്നതായി ചർച്ചാവിഷയം. അതിനെക്കാളുപരി ഇത്തവണ ബിഗ് ബോസിൽ മോഹൻലാൽ ഉണ്ടാകുമോ എന്നതായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്കെല്ലാം വിരാമമിട്ടിരിക്കുകയാണ് ഷോയുടെ അണിയറപ്രവർത്തകർ.

പുതിയ സീസണിൽ മോഹൻലാൽ ഇല്ലെന്ന് കേട്ടല്ലോ എന്ന് സംസാരിച്ച് വരുന്ന രണ്ട് സ്ത്രീകളെയാണ് പ്രമോ വീഡിയോയിൽ കാണുന്നത്. ലാലേട്ടൻ ഇല്ലാതെ എന്ത് ബിഗ് ബോസ് എന്ന് ഒരാൾ ചോദിക്കുന്നതും തുടർന്ന് ഇതെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നു. പിന്നാലെ മോഹൻലാലിനെ കാണിക്കുകയും 'ചുമ്മ, ബ്ലഫിംഗ്' എന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു. ആരാധകർ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. നടൻ സുരേഷ് ഗോപിയാകും സീസൺ നാലിന്റെ അവതാരകൻ എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. പുതിയ സീസൺ മാർച്ചിൽ തന്നെ തുടങ്ങാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സീസണിന്റെ ലോഗോയും ചാനൽ പുറത്തുവിട്ടു. ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന വിവരങ്ങൾ ഉടൻ പുറത്തുവരും.