petrol-diesel-hike

കൊച്ചി: പൊതുമേഖലാ എണ്ണ വിതരണക്കമ്പനികൾ കഴിഞ്ഞ നവംബർ നാലുമുതൽ നിറുത്തിവച്ച പ്രതിദിന ഇന്ധനവില പരിഷ്‌കരണം ഇന്നുമുതൽ പുനരാരംഭിച്ചേക്കും. നവംബർ നാലിന് കേന്ദ്രം പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് നികുതി കുറച്ചശേഷം എണ്ണക്കമ്പനികൾ വില പരിഷ്‌കരിച്ചിട്ടില്ല. ഉത്തർപ്രദേശും പഞ്ചാബും ഗോവയുമടക്കം അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികൾ കഴിഞ്ഞ 120 ദിവസത്തോളമായി വില പരിഷ്‌കരിക്കാതിരുന്നത്. ഇന്നാണ് അന്തിമഘട്ട വോട്ടെടുപ്പ് ദിനം.

പ്രതീക്ഷിക്കാം 22 രൂപവരെ വർദ്ധന

നവംബർ ആദ്യവാരം ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില ബാരലിന് 80 ഡോളറായിരുന്നതാണ് ഇപ്പോൾ 117 ഡോളറിലെത്തിയത്. ഇക്കാലയളവിൽ പെട്രോൾ, ഡീസൽ വില പരിഷ്‌കരിക്കാത്തതുമൂലം ഒഴിവായത് എണ്ണക്കമ്പനികളുടെ ലാഭമാർജിനും കൂട്ടിച്ചേർത്ത് ലിറ്ററിന് 15-22 രൂപയാണ്. പ്രതിദിനമായോ ഒറ്റയടിക്കോ ഇന്ധനവിലയിൽ വൻ വർദ്ധന ഉടൻ പ്രതീക്ഷിക്കാം.

₹106.36

ഇപ്പോൾ പെട്രോൾ വില

₹93.47

ഡീസൽ വില

(തിരുവനന്തപുരം)

കഴിഞ്ഞ ഒരുവർഷത്തിനിടെ ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവിലയിലുണ്ടായത് (ഇന്ത്യൻ ബാസ്‌കറ്റ്) ഇരട്ടിയോളം വർദ്ധന. കഴിഞ്ഞവർഷം മാർച്ച്-ഏപ്രിലിൽ ബാരലിന് ശരാശരി 60 ഡോളറിനാണ് ഇന്ത്യ ക്രൂഡോയിൽ വാങ്ങിയത്. ഇപ്പോൾ 117.39 ഡോളർ.

റഷ്യൻപട യുക്രെയിനിലേക്ക് കടന്നുകയറുംമുമ്പ്, അതായത് ഈവർഷം ജനുവരി-ഫെബ്രുവരിയിൽ വാങ്ങൽവില 77-92 ഡോളറായിരുന്നു. ഈമാസം മാത്രം ഇന്ത്യൻ ബാസ്‌കറ്റിലെ വർദ്ധന 15 ഡോളറാണ്. ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ. യൂറോപ്പിനാവശ്യമായ എണ്ണയുടെ പാതിയിലേറെയും ഒഴുകുന്നത് റഷ്യയിൽ നിന്നാണ്.

യുദ്ധപശ്ചാത്തലത്തിൽ റഷ്യൻ എണ്ണയുടെ വിതരണം തടസപ്പെടുമെന്ന ഭീതിയാണ് എണ്ണവില കുതിക്കാൻ കാരണം. അമേരിക്കയും യൂറോപ്പും റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ എണ്ണ ഉൾപ്പെട്ടിട്ടില്ല. എന്നാൽ, ബ്രിട്ടനും ജർമ്മനിയും ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ ശ്രമിക്കുന്നുണ്ട്.

രാജ്യാന്തര ബാങ്കിംഗ് പേമെന്റ് ശൃംഖലയായ സ്വിഫ്‌റ്റിൽ നിന്ന് റഷ്യയെ പുറത്താക്കിയതിനാൽ റഷ്യൻ എണ്ണ വാങ്ങാനുള്ള കരാറിൽ ഏർപ്പെടാൻ നിരവധി രാജ്യങ്ങൾ മടിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ രാജ്യാന്തരവില വൈകാതെ ബാരലിന് 150 ഡോളറും പിന്നിട്ടേക്കാമെന്ന് നിരീക്ഷകർ പറയുന്നു. ആനുപാതികമായി ഇന്ത്യയുടെ വാങ്ങൽവിലയും ഉയരും. 2008ൽ ബാരലിന് കുറിച്ച 147 ഡോളറാണ് ക്രൂഡോയിലിന്റെ റെക്കാഡ് വില.