
ന്യൂഡൽഹി: റഷ്യൻ ആക്രമണത്തിനിടെ യുക്രെയിൻ തലസ്ഥാനമായ കീവിൽ വച്ച് വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗിനെ (31) പോളണ്ടിലെത്തിച്ചു. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വൈകിട്ട് ഏഴ് മണിയോടെ ഹർജോത് ഡൽഹിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയിനിന്റെ അതിർത്തി രാജ്യമായ പോളണ്ടിൽ നിന്നെത്തുന്ന 200 വിദ്യാർത്ഥികളിൽ ഹർജോതും ഉൾപ്പെടുന്നു. ഇന്ത്യൻ നയതന്ത്രജ്ഞരും വിദ്യാർത്ഥിയുടെ ഒപ്പമുണ്ട്. പോളണ്ട് ക്രമീകരിച്ചു നൽകിയ പ്രത്യേക ആംബുലൻസിലാണ് വിദ്യാർത്ഥിയെ എത്തിച്ചത്.
അതേസമയം, യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫോണിൽ സംസാരിക്കുമെന്നും യുക്രെനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി പിന്തുണ തേടുമെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 26നും മോദി സെലൻസ്കിയുമായി സംസാരിച്ചിരുന്നു. റഷ്യയുടെ ആക്രമണത്തെ തുടർന്ന് നടന്ന യു എൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ പിൻമാറിയതിനുശേഷമായിരുന്നു ഫോൺ സംഭാഷണം.
ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് എത്തിയെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി യുക്രെയിനിൽ അവശേഷിക്കുന്ന ഇന്ത്യക്കാർ എത്രയും വേഗം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശം നൽകി. ഫെബ്രുവരി 22ന് ശേഷം 16000 ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിവിധ വിമാനങ്ങളിലായി 1500 ഇന്ത്യക്കാർ തിരികെ എത്തിച്ചേരുമെന്നും അധികൃതർ അറിയിച്ചു.