
സമൂഹ മാദ്ധ്യമങ്ങളിൽ സൂപ്പർ സ്റ്റാറായിരുന്ന നായ 'ചോട്ടു' ഓർമയായിട്ട് നാളുകളായെങ്കിലും ഇന്നും അതിന്റെ ഓർമകളുമായി കഴിയുകയാണ് കിരങ്ങന്നൂർ ആറ്റൂർക്കോണത്തെ ദിലീപ് കുമാർ. ദിലീപിന്റെ പ്രിയപ്പെട്ട നായയായിരുന്നു ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ചോട്ടു. ജനുവരി മാസം അവസാനം ഒരു പുലര്‍ച്ചെയാണ് ചോട്ടുവിനെ കാണാതായത്. നാട്ടുകാരും വീട്ടുകാരും നാടാകെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ദിലീപ് കുമാര്‍ പൂയപ്പള്ളി പൊലീസില്‍ പരാതി നല്കി. റൂറല്‍ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ പൈറോയും പൂയപ്പള്ളി പൊലീസും പരിസരമാകെ പരിശോധന നടത്തിയെങ്കിലും ചോട്ടുവിനെ കണ്ടെത്താനായില്ല. ഫെബ്രുവരി 4ന് വീടിന് സമീപത്തെ പൊട്ടക്കിണറ്റില്‍ ചോട്ടുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ ദിലീപ്കുമാറും സോഷ്യല്‍ മീഡിയയിലെ ചോട്ടുവിന്റെ ആരാധകരും വലിയ സങ്കടത്തിലായി.
എന്നാൽ ദിലീപിനെ തേടി ഇപ്പോൾ പുതിയൊരു കുറുമ്പനെത്തിയിരിക്കുകയാണ്. കണ്ടയുടനെ ഇരുകൈകളും കൊണ്ട് അവനെ വാരിയെടുത്ത ശേഷം 'ലിയോ' എന്ന് പേരിടുകയും ചെയ്തു. ഇനി ലിയോയ്ക്ക് ദിലീപ് ചേട്ടന്റെ ശിക്ഷണ കാലമാണ്. ചോട്ടുവിനെ പോലെ ലിയോയും സൂപ്പർ സ്റ്റാറാകും എന്നാണ് ദിലീപിന്റെ പ്രതീക്ഷ.