kid

കീവ്: ലക്ഷക്കണക്കിന് ജനങ്ങളാണ് റഷ്യയുടെ യുക്രെയിൻ ആക്രമണത്തെ തുടർന്ന് പലായനം ചെയ്‌ത് അടുത്തുള‌ള രാജ്യങ്ങളിലെത്തിയത്. ഇക്കൂട്ടത്തിൽ കരളലിയിക്കുന്ന പലവിധ കഥകളും സംഭവങ്ങളും വാർത്തയാകുന്നുമുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് 11 വയസുകാരനായ ഒരു യുക്രെയിൻ ബാലന്റേത്.

പാസ്‌പോർട്ടും, ഒരു ബാക്‌പാക്കുമായി പുഞ്ചിരിയോടെ നിൽക്കുന്ന ബാലന്റെ ചിത്രം സ്ളൊവാക്യൻ പൊലീസ് അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ഷെയർ ചെയ്‌തു. കൈപ്പത്തിയുടെ പിന്നിൽ ഒരു ഫോൺനമ്പരും കുറിച്ചിട്ടിട്ടുണ്ട്. യുക്രെയിനിലെ സപ്പോറിസ്‌സിയ എന്ന ഭാഗത്ത് നിന്നും തനിയെയാണ് ഈ ബാലൻ അതിർത്തികടന്ന് സ്ളൊവാക്യയിൽ എത്തിയത്.

നന്നായി വേഷം ധരിച്ച് പുഞ്ചിരിച്ച് നിന്ന കുട്ടിയോട് മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ യുക്രെയിനിൽ തന്നെ തുടരുകയാണെന്നാണ് മറുപടി നൽകിയത്. മതിയായ ആഹാരവും വെള‌ളവും നൽകി കുട്ടിയെ സുരക്ഷിതമായി വളണ്ടിയർമാരെ ഏൽപ്പിച്ചു. ഫോൺനമ്പരിൽ വിളിച്ച് പൊലീസ് നേരത്തെതന്നെ സ്ളൊവാക്യൻ അതിർത്തികടന്ന കുട്ടിയുടെ ചില ബന്ധുക്കളെ കണ്ടെത്തി. കുട്ടിയെ സുരക്ഷിതമായി അവർക്ക് കൈമാറുകയും ചെയ്‌‌തു.