
ലണ്ടൻ: കൊവിഡിന് ശേഷം ബിസിനസ് സ്ഥാപനങ്ങളെ സാമ്പത്തിക തകർച്ചയിൽ നിന്നും തിരികെ കൊണ്ടുവന്നതിൽ സ്ത്രീകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ഗവേഷണ റിപ്പോർട്ട്. പുരുഷാധിപത്യത്തെ മറികടക്കുന്ന് കൂടുതൽ വനിതകൾ സ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിലേയ്ക്ക് എത്തിയിരിക്കുന്നതായും ഗവേഷകർ പറയുന്നു. യുകെയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ താക്കോൽ സ്ത്രീകളുടെ കൈയിലാണെന്ന് ഈ ഗവേഷണം തെളിയിച്ചതായി സ്ത്രീകളുടെ തുല്യതയ്ക്കായി പോരാടുന്ന ആനെലീസ് ഡോഡ്‌സ് പറഞ്ഞു. കൊവിഡിന്റെ സമയത്ത് സ്ത്രീകളുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. സ്ത്രീകളെ കൂടുതലായി പരിഗണിച്ച് അവർക്ക് നേതൃസ്ഥാനങ്ങൾ നൽകുകയാണെങ്കിൽ ബിസിനസുകൾ കൂടുതൽ വിജയകരമാക്കാൻ കഴിയുമെന്നും ആനെലീസ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായാണ് ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഉന്നത സ്ഥാനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതലായ സ്ഥാപനങ്ങളിൽ ശരാശരിക്ക് മുകളിൽ വരുമാനം നേടാനുള്ല സാദ്ധ്യത 25 ശതമാനം കൂടുതലാണെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. കൂടാതെ ഉന്നത സ്ഥാനങ്ങളിൽ 30 ശതമാനത്തിലധികവും വനിതാ നേതാക്കളാണെങ്കിൽ കമ്പനികൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകൾ നയിക്കുന്ന ചെറുകിട ഇടത്തര സംരംഭങ്ങൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. എന്നാൽ ബാങ്കുകളിൽ ബിസിനസ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന്റെ 22 ശതമാനം മാത്രമാണ് സ്ത്രീകളുടെ പേരിലുള്ളത്.