
വിജയവാഡ: യുക്രെയിൻ-റഷ്യ യുദ്ധത്തെ തുടർന്ന് നാട്ടിലേക്ക് അരുമ മൃഗങ്ങളായ നായ്‌ക്കളെയും പൂച്ചകളെയും കൂട്ടി വരുന്ന വിദ്യാർത്ഥികളുടെ വാർത്തകൾ നാം കണ്ടു. സ്വന്തം അരുമ മൃഗത്തെ പിരിയാൻ വയ്യാത്ത സ്‌നേഹമനസാണ് ഇവർക്കുളളത്. എന്നാൽ തന്റെ ജീവൻ അപകടത്തിലായാലും അരുമ മൃഗങ്ങളെ പിരിയാൻ തയ്യാറാകാത്ത ഒരിന്ത്യക്കാരനുണ്ട് അങ്ങ് യുക്രെയിനിൽ. അവയെ പിരിയാൻ വയ്യാത്തതിനാൽ ഇന്ത്യയിലേക്ക് രക്ഷപ്പെടാനുളള അവസരം തന്നെ വേണ്ടെന്നുവച്ചു ഒരു മൃഗ ഡോക്‌ടർ.
ആന്ധ്രാ പ്രദേശിലെ വെസ്‌റ്റ് ഗോദാവരി ജില്ല സ്വദേശിയായ ഡോ.കുമാർ ബന്ദിയാണ് തന്റെ അരുമ മൃഗങ്ങളായ ഒരു പുളളിപ്പുലിക്കും കരിമ്പുലിക്കും വേണ്ടി യാത്ര വേണ്ടെന്നുവച്ചത്. യുക്രെയിൻ തലസ്ഥാനമായ കീവിൽ നിന്നും 850 കിലോമീറ്റർ അകലെ ഡോൺബാസിലാണ് ഡോക്‌ടറുളളത്. ഇവിടെ തന്റെ വീടിനടുത്തുളള ബങ്കറിലാണ് ഡോക്‌ടർ കഴിയുന്നത്.
കഴിഞ്ഞ 15 വർഷങ്ങളായി യുക്രെയിനിൽ കഴിയുന്ന ഡോക്‌ടർ യുദ്ധത്തെത്തുടർന്ന് കുടുങ്ങിപ്പോയ വിദ്യാർത്ഥികളെയും മറ്റുളളവരെയും രാജ്യാതിർത്തിയിലെത്തിച്ചിട്ടുമുണ്ട്. മാർജ്ജാര കുടുംബത്തിൽപെട്ട ജന്തുക്കളെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുന്നതിനുളള പ്രോഗ്രാമിൽ അംഗമാണ് ഡോക്‌ടർ. ഇതിന്റെ ഭാഗമായാണ് ഒരു കരിമ്പുലിയെയും പുളളിപ്പുലിയെയും സംരക്ഷിക്കുന്നത്. താൻ ഇന്ത്യയിലേക്ക് മടങ്ങിയാൽ ഇവ പട്ടിണി കിടന്ന് മരിക്കേണ്ടിവരുന്നത് ഒഴിവാക്കണം. അതിനാലാണ് തിരികെ ജന്മനാട്ടിലേക്ക് മടങ്ങാത്തതെന്ന് ഡോക്‌ടർ പറയുന്നു. നിലവിൽ റഷ്യ അനുകൂല വിഘടനവാദ ശക്തികളാണ് ഡോൺബാസ് നിയന്ത്രിക്കുന്നത്.
പുലികളെ വളർത്താൻ ലൈസൻസ് നേടിയയാളാണ് എംബിബിഎസ് ബിരുദധാരിയായ ഡോ. കുമാർ ബന്ദി. കുമാറിന് പുറമേ സഹോദരൻ റാം ബന്ദിയും സാമൂഹിക പ്രവർത്തന രംഗത്ത് സജീവമാണ്. രാജ്യാതിർത്തിയിലേക്ക് പോകുന്നവർക്ക് നാല് ബസുകൾ റാം ഏർപ്പെടുത്തിയിരുന്നു. സ്വന്തം കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചിട്ടും കുമാറും റാമും ഇപ്പോഴും യുക്രെയിനിൽ തുടരുകയാണ്.