liquid-diet

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷേൻ വോണിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് ആരാധകർ. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ടെങ്കിലും അനാരോഗ്യപരമായ അദ്ദേഹത്തിന്റെ പല ശീലങ്ങളും മരണത്തിന് കാരണമാവുകയായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പതിനാല് ദിവസത്തെ കടുത്ത ലിക്വിഡ് ഡയറ്റ് ഷേൻ വോൺ പൂർത്തിയാക്കിയിരുന്നു. ഹൃദയസംബന്ധമായ രോഗമുള്ളവരിൽ ഇത്തരം കടുത്ത ഡയറ്റുകൾ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവുന്നു.

പാൽ, ജ്യൂസ്, ഷേക്ക്, സ്മൂത്തി തുടങ്ങിയ ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുന്ന രീതിയാണ് ലിക്വിഡ് ഡയറ്റിൽ ഉള്ളത്. എന്നാലിത് അമിതമായാൽ വലിയ അപകടം വിളിച്ചുവരുത്തും എന്നതിനുദാഹരണമാണ് ഷേൻ വോണിന്റെ മരണം. ഡയറ്റിന് പുറമേ ശരീര ഭാരം കുറയ്ക്കുന്നതിനായി പരമ്പരാഗത ചൈനീസ് മരുന്നുകളും ഷേൻ വോൺ ഉപയോഗിച്ചിരുന്നു. 30 ദിവസത്തെ ടീ ഡയറ്റും (മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കി ഗ്രീൻ ടീ പോലുള്ളവ മാത്രം കുടിക്കുന്ന ഡയറ്റ്) ഷേൻ ഇടക്കിടെ നോക്കാറുണ്ടെന്ന് കുടുംബവും വെളിപ്പെടുത്തിയിരുന്നു. ഷേൻ വോൺ കടുത്ത പുകവലി ശീലമുള്ളയാളാണ്. മാത്രമല്ല അടുത്തിടെ കൊവിഡ് ബാധിതനായി ചികിത്സ തേടുകയും ചെയ്തിരുന്നു. ഇക്കാരണങ്ങൾ ശേഷിന്റെ ആരോഗ്യം കൂടുതൽ മോശമാക്കുകയായിരുന്നു.


കലോറി വളരെ കുറഞ്ഞ ഡയറ്റുകൾ സ്വീകരിക്കുന്നത് ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം നൽകുന്നു. പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള എളുപ്പ മാർഗമാണ് ലിക്വിഡ് ഡയറ്റ്. എന്നാൽ ഘരപദാർത്ഥങ്ങൾ ഒഴിവാക്കി ദ്രാവക രൂപത്തിലുള്ള ആഹാരം മാത്രം കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും മറ്റും പോഷക വസ്തുക്കളും ലഭ്യമാകാതെ വരുന്നു. ലിക്വിഡ് ഡയറ്റ് മെറ്റബോളിസം കുറയ്ക്കുന്നു. ഇക്കാരണത്താൽ ഡയറ്റിൽ ഇളവ് വന്നാൽ പഴയ ശരീരപ്രകൃതിയിലേക്ക് വളരെ വേഗം മടങ്ങിപ്പോവുകയും ചെയ്യും. ഇത്തരം ഡയറ്റിൽ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ അളവ് വളരെ കുറവായിരിക്കും. ഒരു പോഷകാഹാര വിദഗ്ദ്ധന്റെ നിർദേശ പ്രകാരം ആരോഗ്യപരമായ ഭക്ഷണശീലം ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനം. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ ക്ഷീണവും തലക്കറക്കവും ഉന്മേഷക്കുറവും, മുടി കൊഴിച്ചിലും മറ്റും അനുഭവപ്പെടുകയും ഇത് ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. വെറ്റമിൻ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, തുടങ്ങി ആരോഗ്യം പ്രധാനം ചെയ്യുന്ന എല്ലാത്തരം പോഷകങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കണം