
സന: യെമൻ പൗരനെ വിദേശത്ത് വധിച്ച കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു. യെമനിലെ അപ്പീൽ കോടതി നിമിഷയുടെ അപേക്ഷ തളളിക്കളഞ്ഞു. 2017 ജൂലായ് 25നാണ് സംഭവത്തിനാസ്‌പദമായ സംഭവമുണ്ടായത്. തലാൽ അബ്‌ദു മെഹ്‌ദി എന്ന യെമൻ പൗരനെയാണ് നിമിഷ പ്രിയയും സുഹൃത്തായ യെമൻകാരി ഹനാനും മറ്റൊരു യുവാവും ചേർന്ന് കൊലപ്പെടുത്തിയത്.
മൂന്നംഗ ബെഞ്ചാണ് നിമിഷപ്രിയയുടെ ഹർജി തളളിയത്. നഴ്‌സായി ജോലിനോക്കിയിരുന്ന നിമിഷയ്‌ക്ക് സ്വന്തമായി ക്ളിനിക് തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത യെമൻ പൗരൻ പിന്നീട് സാമ്പത്തികമായി ചതിച്ചു. നിമിഷയെ വിവാഹം ചെയ്‌തെന്ന് കാണിച്ച് വ്യാജരേഖകളുണ്ടാക്കി. പാസ്‌പോർട്ടും പിടിച്ചുവാങ്ങി. ക്രൂരമായ പീഡനങ്ങൾക്കും നിമിഷ ഇരയായി. ഇതിന് പ്രതികാരമായി അമിത ഡോസിൽ മരുന്ന് കുത്തിവച്ച് ഇയാളെ കൊലപ്പെടുത്തി.
പിന്നീട് സുഹൃത്ത് ഹനാനൊപ്പം തലാലിന്റെ മൃതദേഹം വെട്ടിനുറുക്കി മൃതദേഹം വാട്ടർടാങ്കിൽ ഒളിപ്പിച്ചു. നിമിഷയ്‌ക്ക് ശിക്ഷാഇളവ് ലഭിക്കുമെന്നായിരുന്നു ഭർത്താവിന്റെയും ഏഴ്‌വയസുകാരി മകളുടെയും പ്രതീക്ഷ. ഇനി പ്രതീക്ഷ സുപ്രീം ജുഡീഷ്യൽ കൗൺസിലിലാണ്. യെമൻ പ്രസിഡന്റ് ഉൾപ്പടെ അംഗങ്ങളായ സമിതിയാണിത്.