
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹയെ ഭീഷണിപ്പെടുത്തിയ മാദ്ധ്യമപ്രവർത്തകൻ ഒടുവിൽ വെളിച്ചത്തേക്ക്. പ്രശസ്ത ക്രിക്കറ്റ് ജേർണലിസ്റ്റ് ബോറിയ മജുംദാർ ആണ് സാഹയ്ക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് തെളിഞ്ഞു. ബോറിയ തന്നെ ഒരു ട്വിറ്റർ വീഡിയോയിൽ എത്തി കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. സാഹയ്ക്ക് താൻ അയച്ച സന്ദേശത്തിൽ കൃത്രിമം കാട്ടിയ ശേഷം സന്ദേശത്തിലെ ചില ഭാഗങ്ങൾ മാത്രം പ്രസിദ്ധപ്പെടുത്തുകയായിരുന്നെന്ന് മജുംദാർ പറഞ്ഞു.
സാഹയ്ക്കെതിരെ തന്റെ അഭിഭാഷകർ നിയമനടപടികൾ എടുക്കുമെന്നും തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ നിയമം വഴി നേരിടാനാണ് ലക്ഷ്യമിടുന്നതെന്നും മജുംദാർ വ്യക്തമാക്കി. ഈ വിവാദം തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും സാഹയ്ക്കെതിരെ മാനനഷ്ടത്തിന് താൻ കേസ് കൊടുക്കുമെന്നും മജുംദാർ പറഞ്ഞു.
There are always two sides to a story. @Wriddhipops has doctored, tampered screenshots of my WhatsApp chats which have damaged my reputation and credibility. I have requested the @BCCI for a fair hearing. My lawyers are serving @Wriddhipops a defamation notice. Let truth prevail. pic.twitter.com/XBsiFVpskl
— Boria Majumdar (@BoriaMajumdar) March 5, 2022
ബി സി സി ഐയുടെ അന്വേഷണ സംഘത്തിന് മുമ്പാകെ സാഹ തനിക്ക് വന്ന ഭീഷണി സന്ദേശവും മറ്റ് തെളിവുകളും കൈമാറിയിരുന്നു. ഇതിന് ശേഷമാണ് മജുംദാർ ട്വിറ്രറിൽ തന്റെ ഭാഗം വ്യക്തമാക്കി വീഡിയോ ഷെയർ ചെയ്തത്. ബി സി സി ഐക്ക് മുമ്പാകെ തെളിവ് ഹാജരാക്കിയ സാഹ മാദ്ധ്യമപ്രവർത്തകനെ പേരെടുത്ത് പറയുകയോ സംഭവത്തെ കുറിച്ച് ഒന്നും പറയുകയോ ചെയ്തില്ല. തന്നോട് ഇതിനെകുറിച്ച് ഒന്നും പറയരുതെന്ന് ബി സി സി ഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയാനുള്ളത് ബി സി സി ഐ തന്നെ വ്യക്തമാക്കുമെന്നും സാഹ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സാഹയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ ഇനി സ്ഥാനമുണ്ടാകില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചത് മറ്റൊരു മാദ്ധ്യമപ്രവർത്തകൻ വഴി വാർത്തയായതാണ് ബോറിയയ്ക്ക് സാഹയോട് വിരോധമുണ്ടാകാൻ കാരണമെന്ന് കരുതുന്നു. സാഹയോട് അഭിമുഖത്തിന് ഡേറ്റ് ചോദിച്ച് ബോറിയ സന്ദേശം അയച്ചിരുന്നെങ്കിലും അതിനോട് പ്രതികരിക്കാത്ത സാഹ ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഈ സംഭവം പറയുകയായിരുന്നു. തുടർന്ന് സാഹയ്ക്ക് അയച്ച സന്ദേശത്തിലാണ് ബോറിയ താരത്തെ ഭീഷണിപ്പെടുത്തിയത്.