buss

തിരുവനന്തപുരം: മേനംകുളത്തു നിന്ന് സ്വകാര്യ സ്‌കൂൾ ബസ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പിടികൂടി. തുമ്പ പള്ളിത്തുറ ഹൗസ് നമ്പർ 136ൽ വിമോദ് (39), വലിയതുറ പുതുവൽ പുരയിടം റോസ്ലിൻ ഹൗസിൽ എഡിസൺ ജോസ് (42) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്‌തത്.

ശ്രീകാര്യം വെഞ്ചാവോട് സ്വദേശി പ്രതിഭാ മോഹന്റെ ഉടമസ്ഥതയിൽ മേനംകുളത്ത് പ്രവർത്തിക്കുന്ന മോഹൻ മെമ്മോറിയൽ സ്‌കൂളിന്റെ ബസാണ് കഴിഞ്ഞമാസം മോഷണം പോയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂൾ അവധിയായിരുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷമായി മേനംകുളം ഗെയിംസ് വില്ലേജിനു സമീപം പാർക്ക്ചെയ്‌തിരുന്ന ബസ്, രാത്രി ലോക്ക് പൊളിച്ച് പ്രതികൾ മോഷ്ടിക്കുകയായിരുന്നു. കഴക്കൂട്ടം എ.സി.പി ഹരി. സി.എസിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച ബസ് വെട്ടുകാട് പള്ളിവക പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.

പ്രതികൾ സമാനമായ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് ഡി.സി.പി അങ്കിത് അശോകൻ അറിയിച്ചു. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ മാരായ മിഥുൻ, ജിനു, സി.പി.ഒ മാരായ സജാദ്ഖാൻ, അരുൺ.എസ്.നായർ, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.