
വാണിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കോ സമുയി : ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷേയ്ൻ വാണിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്നും സ്വാഭിവക മരണമാണ് സംഭവിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ തായ്ലൻഡ് പൊലീസാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടത്.
പൊലീസ് വാൺ താമസിച്ച വില്ലിയിൽ ഉൾപ്പെടെ നടത്തിയ അന്വേഷണത്തിലും ദുരൂഹതയുള്ള ഒരുവിവരവും ലഭിച്ചിട്ടില്ലെന്നും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വാണിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട് അവർക്ക് കൈമാറിയെന്നും അവരും അംഗീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ജന്മനായുള്ള ചില ആരോഗ്യപ്രശ്നങ്ങളാണ് ഇപ്പോൾ ഹൃദയാഘാതത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. കൊവിഡ് വൈറസ് ബാധയുടേയോ കൊലപാതകത്തിന്റേയോ യാതൊരു ലക്ഷണങ്ങളും വാണിന്റെ ശരിരത്തിൽ ഇല്ലായിരുന്നുവെന്ന് പോസ്റ്റ് മോർട്ടത്തിന് നേതൃത്വം നൽകിയ സമൂയി ആശുപത്രിയുടെ ഡെപ്യൂട്ടി ഡയറക്ടർ സോൺഗ്യോട്ട് ചായാനിൻപൊരാമെറ്റ് അറിയിച്ചു.
ഇന്ന് ആസ്ട്രേലിയയിൽ
വാണിന്റെ ഭൗതീക ദേഹം ആസ്ട്രേലിയയിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. തായ് പൊലീസ് ആസ്ട്രേലിയൻ കോൺസൽ ഉദ്യോഗസ്ഥർക്ക് വാണിന്റെ ഭൗതീക ദേഹം കൈമാറും. ഇന്ന് ഭൗതീക ദേഹം ആസ്ട്രേലിയയിൽ എത്തിക്കുമെന്നാണ് വിവരം. തുടർന്നേ സംസ്കാര തീയതി തീരുമാനിക്കൂ. പൂർണ ഔദ്യോഗിക ബഹുമതികളോടെ മെൽബണിലായിരിക്കും വാണിന്റെ സംസ്കാരം നടക്കുക. സംസ്കാരച്ചടങ്ങുകൾക്ക് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായേക്കുമെന്ന് ആസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോട്ട് ചെയ്തു. എന്നാൽ സംസ്കാരം എവിടെയായിരിക്കുമെന്ന് തീരുമാനമായിട്ടില്ല.
ആംബുലൻസിൽ ജർമ്മൻ യുവതി
കയറിയത് വിവാദമായി
വാണിന്റെ മൃതദേഹം വഹിച്ച ആംബുലൻസിൽ ജർമ്മൻ യുവതി കയറിയതിനെ ചൊല്ലി വിവാദം. ഇത് വലിയസുരക്ഷാ വീഴ്ചയാണെന്നാണ് വിമർശനമുയരുന്നു. യുവതിയെ തായ് പൊലീസ് ചോദ്യം ചെയ്തു. വാണിന്റെ മൃതദേഹം ആംബുലൻസിൽ കോ സമുയി ദ്വീപിലെ ആശുപത്രിയിൽ നിന്നും സുറത് തനി നഗരത്തിലേക്ക് കൊണ്ടു പോകാൻ ബോട്ടിൽ കയറ്റാൻ തീരത്ത് എത്തിയപ്പോഴായിരുന്നു സംഭവം. നാട്ടുകാരിയായ ഒരു യുവതിയും പൂക്കളുമായെത്തിയ ജർമ്മൻകാരിക്ക് ഒപ്പമുണ്ടായിരുന്നു. ആംബുലൻസ് ഡ്രൈവറുമായും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായും യുവതി സംസാരിക്കുകയും തുടർന്ന് ആംബുലൻസിലേക്ക് കയറുകയും ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 40 സെക്കൻഡോളം ആംബുലൻസിൽ ചെലവഴിച്ച ശേഷമാണ് യുവതി പുറത്തു വന്നത്. വാണിന്റെ സുഹൃത്താണെന്നും അന്ത്യോപചാരം അർപ്പിക്കാൻ വന്നതാണെന്നുമാണ് പൊലീസിനോട് യുവതി പറഞ്ഞിട്ടുള്ളത്.