
ന്യൂഡൽഹി : ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പഞ്ചാബിൽ ഭരണത്തിലുള്ള കോൺഗ്രസിനെ മലർത്തിയടിച്ച് ആം ആദ്മി പാർട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. .
മൂന്ന് എക്സിറ്റ് പോൾ ഫലങ്ങളാണ് ആം ആദ്മി പാർട്ടിക്ക് സാദ്ധ്യത കല്പിക്കുന്നത്. ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ അനുസരിച്ച് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടും. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് പ്രവചനം. എ.എ.പി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 - 4 വരെ സീറ്റുകൾ മാത്രമേ നേടൂ. അകാലി ദൾ 7-11 വരെ സീറ്റുകൾ നേടും.
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി ഭരമം നിലനിറുത്തുമെന്നാമ് പ്രവചനം. റിപ്പബ്ലിക് ടിവി സർവേ പ്രകരാം ഉത്തർപ്രദേശിൽ ബി.ജെ.പി 240 സീറ്റുകൾ നേടും. സമാജ്‌വാദി പാർട്ടി 140 ഉം ബി.എസ്.പി 17ഉം സീറ്റുകൾ നേടും. കോൺഗ്രസിന് 4 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും റിപ്പബ്ലിക് ടി.വി സർവേ പറയുന്നു.
ഉത്തരഖണ്ഡിൽ ജാൻ കി ബാത്തിന്റെ എക്‌സിറ്റ് പോൾ പ്രകാരം ഭരണകക്ഷിയായ ബി.ജെ.പിക്ക് 32-41 സീറ്റുകൾ ലഭിക്കും. കോൺഗ്രസിന് 27-35, എ.എ.പിക്ക് 0-1 നും മറ്റുള്ളവർ 0-4 നും ഇടയിൽ നേടിയേക്കാമെന്നും പ്രവചിക്കുന്നു. ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് 262-277 ഇടയിൽ സീറ്റ് ലഭിക്കും. സമാജ്‌വാദി പാർട്ടിക്ക് 119-134 സീറ്റും കോൺഗ്രസിന് 3-8 സീറ്റും ബി.എസ്.പിക്ക് 7-15 വരെ സീറ്റും സർവേ പ്രവചിക്കുന്നു.