volodymyr-zelensky

വാഷിംഗ്ടൺ: റഷ്യൻ അധിനിവേശത്തിനിടെ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി വധിക്കപ്പെട്ടാൽ സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാൻ വേണ്ട പദ്ധതികൾ യുക്രെയിൻ തയാറാക്കിയിട്ടുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

റഷ്യ നടത്തുന്ന ആക്രമണത്തിനെതിരെ യുക്രെയിൻ സർക്കാർ നടത്തുന്ന ചെറുത്തുനില്പ് എടുത്തുപറയേണ്ടതാണെന്നും സർക്കാരിന്റെ തുടർച്ചയ്ക്കായുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ പറഞ്ഞതായും ബ്ലിങ്കൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയില്ല.

റഷ്യ തന്നെ വധിക്കാൻ റഷ്യ പദ്ധതിയിട്ടിരുന്നതായി സെലെൻസ്‌കി പല തവണ ആവർത്തിച്ചിരുന്നു. നൂറുകണക്കിന് റഷ്യൻ കൂലിപ്പടയാളികൾ സെലെൻസ്കിയെ വകവരുത്താൻ കീവിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് യുക്രെയിന്റെ ആരോപണം. റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ സെലെൻസ്‌കിയെ വധിക്കാൻ മൂന്ന് തവണ ശ്രമിച്ചിരുന്നുവെന്നും അവ പരാജയപ്പെടുത്തിയെന്നും യുക്രെയിൻ അധികൃതർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.