
മുംബയ്: ഹൃദയാഘാതം നിമിത്തം കഴിഞ്ഞ ദിവസം അന്തരിച്ച ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് ഒരിക്കൽ ബദ്ധവൈരികളായ ഇംഗ്‌ളണ്ടിന്റെ ജേഴ്സി ഇടേണ്ടി വന്നിരുന്നു. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുമായി വച്ച ഒരു പന്തയവും അതിൽ വോൺ പരാജയപ്പെട്ടതുമായിരുന്നു ഇതിന് പിന്നിലെ കാരണം.
2017ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനിടെയാണ് സംഭവം. ഗ്രൂപ്പ് റൗണ്ടിൽ ഇംഗ്‌ളണ്ടും ഓസ്ട്രേലിയയും ഒരേ പൂളിലായിരുന്നു മത്സരിച്ചിരുന്നത്. മത്സരത്തിന്റെ തലേന്ന് ഒരു പൊതുചടങ്ങിൽ വച്ച് കണ്ടുമുട്ടിയ സൗരവ് ഗാംഗുലിയും ഷെയ്ൻ വോണും ഒരു പന്തയം വച്ചു. മത്സരത്തിൽ ഓസ്ട്രേലിയ ജയിക്കുമെന്ന് വോണും ഇംഗ്‌ളണ്ട് വിജയിക്കുമെന്ന് ഗാംഗുലിയും പറഞ്ഞു. ഓസട്രേലിയ വിജയിച്ചാൽ ഗാംഗുലി ഓസ്ട്രേലിയയുടെ ടീ ഷർട്ട് ഇടണമെന്നും അതല്ല ഇംഗ്‌ളണ്ട് ആണ് വിജയിക്കുന്നതെങ്കിൽ വോൺ ഇംഗ്‌ളണ്ടിന്റെ ഷർട്ട് ഇടണമെന്നുമായിരുന്നു പന്തയം. മത്സരത്തിൽ ഇംഗ്‌ളണ്ട് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 40 റൺസിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.
പിറ്റേന്ന് നടന്ന ഒരു ടി വി അഭിമുഖത്തിൽ ഗാംഗുലിയും വോണും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും വോൺ ഇംഗ്ളണ്ടിന്റെ ടീ ഷർട്ട് അണിയുകയും ആയിരുന്നു. തങ്ങൾ നടത്തിയ പന്തയത്തിന്റെ കഥയും ബാക്കി വിവരങ്ങളും ആ അഭിമുഖത്തിനിടെ വ്യക്തമാക്കിയ വോൺ കളിക്കളത്തിന് അകത്തും പുറത്തും ഗാംഗുലി തങ്ങളെ തോല്പിക്കുകയാണെന്നും പറഞ്ഞു.