aishu

നിന്റെ ഏറ്റവും വലിയ സ്വപ്നം എന്താണ്? ഈ ചോദ്യം ഒരു പെൺകുട്ടിയോട് ചോദിച്ച് നോക്കണം. പലർക്കും പല സ്വപ്നങ്ങൾ പറയാനുണ്ടാകും. എന്നാൽ എല്ലാ പെൺകുട്ടികൾക്കും പൊതുവായി പറയുന്ന ഒരു ആഗ്രഹമുണ്ട്. എന്താന്നല്ലേ, അത് സ്വന്തം കാശിന് ഒരു യാത്ര പോവുക എന്നതാണ്. പക്ഷെ പലർക്കും അതിന് സാധിക്കാറില്ല. പഠിച്ച് ഒരു ജോലി വാങ്ങിയാൽ പോലും പലപ്പോഴും വീട്ടുകാരുടെയോ ഭർത്താവിന്റെയോ സമ്മതം ഇല്ലാത്തതിനാലോ അല്ലെങ്കിൽ സുരക്ഷതത്വത്തിന്റെ പേരിലോ പലർക്കും അതിന് കഴിയാറില്ല. എന്നാൽ നിങ്ങളുടെ സ്വപ്നങ്ങൾ അവസാനിച്ചു എന്നു കരുതണ്ട. യാത്രയെ പ്രണയിക്കുന്ന ഏതൊരു സ്ത്രീക്കും ധൈര്യപൂർവം യാത്ര ചെയ്യാം. നിങ്ങൾക്ക് കൂട്ടായി ഒരു പ്രാന്തിയുണ്ട്. പേടിക്കണ്ട ആള് യാത്രയെ പ്രേമിച്ചത് കാരണം ആരൊക്കെയോ വിളിച്ച പേരാണ്, 'യാത്രാ പ്രാന്തി'. കോഴിക്കോട്ടുകാരി ആയിഷയ്ക്ക് ഇപ്പോൾ സ്വന്തം പേരിനെക്കാളിഷ്ടം യാത്രാ പ്രാന്തി എന്ന് അറിയപ്പെടാനാണ്. തന്റെ സ്വപ്നങ്ങൾക്കൊപ്പം ഒരുപാട് സ്ത്രീകളുടെ സ്വപ്നങ്ങൾ കൂടി സാക്ഷാത്കരിക്കാൻ സഹായിച്ച ആയിഷയെ പരിചയപ്പെടാം.

aishu

ആയിഷ അഥവാ 'യാത്രാ പ്രാന്തി'

അച്ഛന്റെ ദിവസ വരുമാനത്താൽ ജീവിച്ചിരുന്ന മൂന്ന് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിലാണ് ഐഷു വളർന്നത്. അതുകൊണ്ടുതന്നെ കല്യാണത്തിന് മുമ്പ് യാത്രകൾ അവൾക്ക് സ്വപ്നമോ ആർഭാടമോ ഒക്കെയായിരുന്നു. പ്ലസ് ടു കഴിഞ്ഞതോടെ സബ്നുദ്ദീനുമായി ഐഷുവിന്റെ വിവാഹം കഴിഞ്ഞു. വലിയൊരു യാത്രാ പ്രേമിയായ അദ്ദേഹമാണ് ഐഷുവിനെ ട്രാവൽ ആന്റ് ടൂറിസം കോഴ്സ് പഠിക്കാൻ പ്രോത്സാഹിപ്പിച്ചതും യാത്രകൾക്ക് തുണയായതും. ജോലി കിട്ടിയ ശേഷം അവധി ദിവസങ്ങളിൽ മാത്രമായിരുന്നു യാത്ര. പിന്നീട് 2017ൽ ജോലി രാജി വച്ച് സ്വന്തമായി ട്രാവൽ ഏജൻസി തുടങ്ങി രണ്ട് പേരെ ജോലിക്കെടുത്തു. അന്നുമുതലാണ് ഐഷുവിന്റെ 'ടെൻഷൻ ഫ്രീ' യാത്ര തുടങ്ങുന്നത്. ഇന്ന് തന്റെ 30ാം വയസിനുള്ളിൽ 18 സംസ്ഥാനങ്ങളിലൂടെയും എട്ട് രാജ്യങ്ങളിലൂടെയും സഞ്ചരിച്ച് നിരവധി പെൺകുട്ടികൾക്ക് പ്രചോദനമായി അവരുടെ യാത്രകൾക്ക് കൂട്ടായി മാറിയിരിക്കുകയാണവൾ. ഇന്ന് ഷീ കാമ്പിങ്ങിലൂടെ രാജ്യത്തുടനീളമുള്ള നിരവധി പെൺകുട്ടികളെ സുരക്ഷിതമായി അവർക്ക് പ്രിയപ്പെട്ട ഇടങ്ങളിൽ ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങൾ സമ്മാനിക്കുകയാണ് ഐഷു.

aishu

ഷീ കാമ്പിങ്ങ്

ഐഷുവിന്റെ യാത്രകൾ കണ്ട് പ്രചോദനം കൊണ്ട് പല കൂട്ടുകാരികളും ഒപ്പം വരട്ടെ എന്ന് ചോദിച്ചു. എന്നാൽ പുരുഷന്മാരടങ്ങുന്ന മിക്സഡ് ഗ്രൂപ്പുകളിൽ യാത്ര ചെയ്യാൻ പലർക്കും താൽപ്പര്യമില്ലായിരുന്നു. അങ്ങനെയാണ് ഷീ കാമ്പിങ്ങ് എന്ന ആശയം ഐഷുവിന്റെ മനസിൽ വരുന്നത്. അങ്ങനെ സ്ത്രീകൾക്ക് മാത്രമായി ട്രിപ്പ് തുടങ്ങി. വയനാട്, മൂന്നാർ, വാഗമൺ തുടങ്ങി ചെറു യാത്രകളിൽ ആരംഭിച്ച് മണാലിയും കാശ്മീരും എത്തി നിൽക്കുകയാണ് ഇന്ന് അവളുടെ പെൺയാത്രകൾ.

കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ പെൺയാത്ര ഗോവയിലേയ്ക്കായിരുന്നു. ഓരോ യാത്രകൾക്ക് മുമ്പും ആ സ്ഥലത്തേക്ക് ഐഷുവും കുടുംബവും പോയി താമസിച്ച് സൗകര്യങ്ങൾ ഒരുക്കി സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് മറ്റുള്ളവരെ അവിടേയ്ക്ക് കൊണ്ടുപോകുന്നത്. ടീനേജുകാർ,മദ്ധ്യവയസ്കർ തുടങ്ങി യാത്രയെ പ്രേമിക്കുന്ന ആർക്കും പ്രായഭേദമന്യേ ഐഷുവിനൊപ്പം കൂടാം. ഓരോ യാത്രയ്ക്കും ശേഷം അങ്ങേയറ്റം സന്തോഷത്തോടെയാണ് ഓരോരുത്തരും വിളിക്കുക. മിക്കവരുടെയും അടുത്ത ചോദ്യം 'അടുത്ത യാത്ര എപ്പോഴാ' എന്നതാണ്. വീട്ടമ്മമാർക്കും ജോലി തിരക്കുകളാൽ സമ്മർദമനുഭവിക്കുന്നവർക്കും അത്രയും ആസ്വാസമാണ് ഐഷുവിനൊപ്പമുള്ള ഓരോ യാത്രകളും.

സുരക്ഷ പ്രധാനം

വയനാടിലും മൂന്നാറിലും പോകാറുള്ല നാച്വറൽ കാമ്പുകളിൽ കൂടുതലും കുട്ടികളും അമ്മമാരുമാണ് വരുന്നത്. അതിനാൽ ടെന്റിലെ താമസം, ട്രക്കിംഗ്, റിവർ ബാത്ത് എന്നിവയാണ് അവർക്ക് കൂടുതൽ താൽപ്പര്യം. അതനുസരിച്ച് യാത്രയ്ക്ക് മുമ്പ് ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പോകുന്ന സ്ഥലങ്ങൾ, താമസിക്കുന്ന സ്ഥലം എന്നിവയുടെ ചിത്രങ്ങൾ അയച്ചുകൊടുക്കും. എന്തൊക്കെ സാധനങ്ങൾ കൈയിൽ കരുതണം എന്നുള്ള കാര്യങ്ങളും ഗ്രൂപ്പിൽ അറിയിക്കും. ആളുകളെ കൊണ്ടുപോകുന്നതിന് മുമ്പ് സ്ഥലം സന്ദർശിച്ച് സുരക്ഷ ഉറപ്പു വരുത്താറുണ്ട്. ശേഷം അപേക്ഷകൾ ക്ഷണിക്കും. താൽപ്പര്യമുള്ളവരുടെ വീട്ടുകാർക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ കൈമാറും. ക്യാമ്പ് കഴിഞ്ഞ് ഓരോരുത്തരും വീട്ടിലെത്തിയ ശേഷം മറുപടി വന്നാൽ മാത്രമേ ഉത്തരവാദിത്തം പൂർത്തിയാകൂ എന്നാണ് ഐഷു പറയുന്നത്.

travel

ആർക്കൊക്കെ ഐഷുവിനൊപ്പം കൂടാം

യാത്രയെ ഇഷ്ടപ്പെടുന്ന ആർക്കും ഈ യാത്രകളിൽ പങ്കുചേരാം. പ്രായം ഒരു പ്രശ്നമേയല്ലെന്നാണ് ഐഷു പറയുന്നത്.പെൺയാത്രകൾ മാത്രമല്ല കുടുംബമായിട്ടുള്ല യാത്രകളും ഇപ്പോൾ ഐഷു നടത്തുന്നുണ്ട്. യാത്രകളിൽ വരുന്നവരിൽ കൂടുതലും യുവാക്കളാണ്.

എങ്ങനെ യാത്രകളിൽ പങ്കുചേരാം

ഓരോ യാത്രയുടെയും വിവരങ്ങൾ 'യാത്രാ പ്രാന്തി' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആദ്യം അറിയിക്കുന്നത്. യാത്രയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളും താമസസൗകര്യങ്ങളും തുടങ്ങി എത്ര രൂപ ചെലവ് വരും എന്നതും ഇതോടൊപ്പം ഉണ്ടാകും. താൽപ്പര്യമുള്ളവർക്ക് ഐഷുവിനെ സമീപിക്കാം. ഓരോ യാത്രകളും വളരെ കുറഞ്ഞ ചെലവിവാണ് നടത്തുന്നത് എന്നതൊരു പ്രത്യേകതയാണ്. എന്നിരുന്നാലും കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവമാണ് ഐഷു സമ്മാനിക്കുന്നത്. തന്റെ കൂടെ ഒരിക്കൽ യാത്ര ചെയ്തവരാണ് കൂടുതൽ പ്രോത്സാഹനം നൽകുന്നതെന്നാണ് ഐഷു പറയുന്നത്. അവരുടെ ഒരു സുഹൃത്തെങ്കിലും അടുത്ത യാത്രയിൽ ഒപ്പമുണ്ടാകും.

travel

വിവാഹശേഷം തന്റെ സ്വപ്നങ്ങൾ അവസാനിച്ചു എന്ന് കരുതാതെ ഇന്ന് നിരവധി പെൺകുട്ടികൾക്ക് പ്രചോദനമായി മാറിയ വനിതയാണ് ആയിഷ. തന്റെ യാത്രകൾക്കൊപ്പം നിരവധി പെൺകുട്ടികളുടെ സ്വപ്നങ്ങൾക്കും അവൾ ചിറകുകൾ നൽകി. ഇന്ന് തന്റെ 109- ാമത്തെ യാത്രയിലാണവൾ. ഓരോ യാത്രയിലും പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രം ഉൾക്കൊണ്ട് തന്റെ ഒപ്പം കൂടുന്ന എല്ലാവരെയും സ്നേഹം പിടിച്ചുപറ്റി എന്നും അവൾ പറക്കട്ടെ. നിങ്ങൾക്കുമൊപ്പം അവളുണ്ടാകും യാത്രാ സ്വപ്നങ്ങൾക്ക് ചിറകേകാൻ.