track

ചെറുപ്പം മുതലേ സ്പോർട്സിനോടായിരുന്നു പ്രവീണയ്‌ക്ക് കമ്പം. സ്‌കൂളിലെ കായികമത്സരങ്ങളിൽ ഓടാനും ചാടാനുമെല്ലാം അവൾ മുന്നിലുണ്ടായിരുന്നു. നീയൊരു പെൺകുട്ടിയല്ലേ, വെയിലു കൊണ്ട് കറുത്തു പോകും തുടങ്ങിയ ഉപദേശങ്ങൾക്കൊന്നും അവളുടെ ആഗ്രഹത്തെ പിന്നോട്ട് വലിക്കാനായില്ല.

സ്‌കൂളിലെ എല്ലാ കായികമത്സരങ്ങളിലും പതിവായി പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന ഒരു കാലം. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെ ഒരു സമയത്ത് സ്പോർട്സിനെ അവൾക്ക് മാറ്റി നിറുത്തേണ്ടി വന്നു. ജീവിതത്തിൽ ഇന്നോളം നേരിട്ടതിൽ ഏറ്റവും വലിയ പ്രതിസന്ധി എന്തായിരുന്നുവെന്ന് ഈ മുപ്പത്തിയെട്ടുകാരിയോട് ചോദിച്ചാൽ അത് ആ കാലമാണെന്നാണ് ഉത്തരം.

പക്ഷേ,​ അവൾ തളർന്നിരുന്നില്ല,​ ചിറകുകൾ വിരിച്ച് പതിയെ പറന്നു തുടങ്ങി. തനിക്ക് പറ്റാതെ പോയത് തന്റെ മുന്നിലെത്തുന്ന കുട്ടികളിലൂടെ നേടിയെടുക്കാനായി അവളുടെ അടുത്ത ശ്രമം. ഏതാണ്ട് 25 വർഷങ്ങൾക്ക് മുമ്പ് തകർന്നടിഞ്ഞ ആ സ്വപ്‌നം തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് തിരുവനന്തപുരം പാലോട് സ്വദേശിനിയായ പ്രവീണ.

തന്നിലൂടെയല്ലെന്ന് മാത്രം. നിർദ്ധനരായ, സ്‌പോർട്സിനോട് അടങ്ങാത്ത അഭിനിവേശമുള്ള കുട്ടികളെ കണ്ടെത്തി സൗജന്യമായി പരിശീലിപ്പിച്ച് കായികമേളകളിൽ പങ്കെടുപ്പിച്ച് സമ്മാനം വാങ്ങിക്കുമ്പോൾ പ്രവീണയുടെ കണ്ണും മനസും നിറയും. പെട്ടെന്നൊരു നാൾ ട്രാക്കിൽ തളർന്നു വീണ പതിനഞ്ചുകാരിയുടെ മധുരപ്രതികാരത്തിന്റെ കഥയാണ് ഈ ജീവിതം നമ്മോട് പറയുന്നത്.

അന്ന് സംഭവിച്ചത്...

1997ലെ സംസ്ഥാന സ്‌കൂൾ കായിക വേദി. 200 മീറ്റർ ഓട്ടമത്സരം. ഓട്ടത്തിൽ പതിവായി ഒന്നാം സ്ഥാനം നേടിയിരുന്ന പ്രവീണയിലായിരുന്നു എല്ലാ കണ്ണുകളും. പക്ഷേ വിധി മറ്റൊന്നായിരുന്നു. ഒന്നാം സ്ഥാനത്തേക്ക് ഫിനിഷ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കാലൊന്ന് ഇടറി, ട്രാക്കിൽ തെന്നി വീണു. എണീറ്റ് വീണ്ടും ഓടാൻ നോക്കി. ആ ശ്രമത്തിനിടയിൽ ഇടതുകാലിലെ തുടയെല്ലുകൾ പൊട്ടിമാറി. ആദ്യം നിസാരമെന്ന് കരുതിയെങ്കിലും സംഗതി ഗുരുതരമായിരുന്നു.

എന്താണ് പറ്റിയതെന്ന് പോലും മനസിലാക്കാൻ കഴിയുന്നതിന് മുന്നേ അവൾ വേദനയെടുത്ത് നിലവിളിച്ചു. പിന്നൊരിക്കലും ട്രാക്കിലോടാൻ പ്രവീണയ്‌ക്ക് കഴിഞ്ഞില്ല. മാസങ്ങളും വർഷങ്ങളും നീണ്ട ചികിത്സ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് പ്രവീണയുടെ അപകടം ഒരു തിരിച്ചടി തന്നെയായിരുന്നു. നല്ലതുപോലെയൊന്ന് നടക്കാൻ അവൾ വർഷങ്ങളെടുത്തു. സ്വയം ഉൾവലിഞ്ഞു,​ തന്റെ സ്വപ്‌നം അസ്‌തമിച്ചുവെന്നവൾ മനസിൽ കണക്കുക്കൂട്ടി. പക്ഷേ ഉള്ളിൽ അവൾ പോലുമറിയാതെ ആ മേഖലയോടുള്ള ഇഷ്‌ടം കൂടിക്കൂടി വരികയായിരുന്നു.

മാറ്റം ഇവിടെ നിന്ന്...

ഇന്നിപ്പോൾ തിരിച്ചുപിടിക്കലിന്റെ സന്തോഷത്തിലാണ് അവർ. പ്രതിസന്ധിയിൽ ഉഴലുന്ന പഴയ ആ കായിക താരത്തെ കുറിച്ച് വാർത്തകൾ വന്നതോടെ സ‌ർക്കാർ ഇടപെട്ട് പ്രവീണയ്‌ക്ക് ജോലി നൽകി. അരുവിക്കര ജി വി രാജ സ്‌കൂളിലെ വാർഡനാണ് അവർ ഇന്ന്. തന്റെ നാട്ടിലുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് കായിക പരിശീലനം നൽകി കൊണ്ടാണ് പ്രവീണ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്.

പാലോട് ഭരതന്നൂർ ഭാഗത്തുള്ള നിരവധി കുട്ടികൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. 100 മീറ്റർ, 200 മീറ്റർ, ലോംഗ് ജംപ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. സ്വന്തം ജോലിയിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നിന്നാണ് പ്രവീണ മറ്റു കുട്ടികളെ പരിശീലിപ്പിക്കുന്നത്. തന്റെ കുട്ടികൾ സമ്മാനം വാങ്ങി ഓടിയെത്തുമ്പോൾ ആ പഴയ പത്താം ക്ലാസുകാരിയിലേക്ക് പ്രവീണയുടെ മനസ് യാത്ര ചെയ്യും.

track

' എനിക്ക് കഴിയാതെ പോയത് എന്റെ കുട്ടികൾ നേടുന്നത് കാണുമ്പോൾ സന്തോഷമാണ്. പാവപ്പെട്ട ഒരുപാട് കുട്ടികളുണ്ട്. ആഗ്രഹമുണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാതെ പോയവർ. അവർക്ക് വേണ്ടിയാണ് എന്റെ പ്രവർത്തനം. എന്റെ മക്കളെ പോലെ കണ്ടാണ് ഞാൻ അവരെ പഠിപ്പിക്കുന്നത്.

ആഗ്രഹമുണ്ടായിട്ടും മാറ്റി വയ്‌ക്കേണ്ടി വരുന്ന പല കാര്യങ്ങളുമുണ്ടാകില്ലേ. അന്ന് എനിക്ക് സംഭവിച്ചതുപോലെ സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അപകടം സംഭവിക്കാൻ സാദ്ധ്യതയുള്ളത് മനസിൽ കണ്ടിട്ടാണ് അവരെ പരിശീലിപ്പിക്കുന്നത്. ചിലരൊക്കെ പറയും ഞാൻ കാരണമാണ് സ്പോർട്സിൽ ഇപ്പോഴും നിൽക്കുന്നതെന്ന്.

അതൊക്കെയല്ലേ സന്തോഷം. അവർക്ക് വേണ്ടിയാണ് ജിവി രാജയിൽ ജോലി ചെയ്യുന്നത്. പരിശീലിനത്തിനിടയിൽ മിടുക്കരായി തോന്നുന്നവരെ കണ്ടെത്തി അവരെ ജി വി രാജയിലേക്കും ഉഷ സ്‌കൂളിലേക്കും വിടും. എനിക്ക് ചെയ്യാൻ കഴിയുന്നതും അതല്ലേ. " പ്രവീണ പറയുന്നു.

സ്വപ്‌നങ്ങൾ ഇനിയുമുണ്ട്

റെസലിംഗ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നുവട്ടം ഒന്നാം സ്ഥാനം നേടിയ ഹാമിം ഇന്ന് കായികരംഗത്തെ തിളക്കമുള്ള പേരാണ്. തന്റെ ശിഷ്യനാണ് ഹാമിമെന്ന് പറയുന്നതിൽ പ്രവീണയ്‌ക്കും അഭിമാനം. കക്ഷിയെ ഒളിമ്പിക്സിൽ പങ്കെടുക്കാനായി വിടണമെന്നതാണ് ഇപ്പോഴത്തെ പ്രവീണയുടെ ആഗ്രഹം.

തന്റെ ഗുരുനാഥയുടെ സ്വപ്‌നത്തിന് വേണ്ടിയുള്ള പരിശ്രമത്തിലാണിന്ന് ഹാമിമും. മണിപ്പൂരിൽ നിന്നുള്ള ഒരു നിർധന കുട്ടിയെ സ്‌പോൺസർ ചെയ്‌തിരുന്നു.

മുപ്പതോളം കുട്ടികളെ ഇതിനോടകം പരിശീലിപ്പിച്ചു കഴിഞ്ഞു. അതിൽ പതിനഞ്ചോളം പേർ സ്പോർട്സ് മേഖലയിൽ തന്നെ ഇപ്പോഴുമുണ്ട്. കഴിഞ്ഞ എട്ടു വർഷമായി പരിശീലന രംഗത്ത് സജീവമാണ് പ്രവീണ.

ഇതിനൊപ്പം അത്യാവശ്യം പൊതുപ്രവർത്തനവുമുണ്ട്. നാട്ടിലെ എല്ലാ കാര്യത്തിലും സജീവമായി നിൽക്കും. അവരുടെ ആവശ്യങ്ങൾക്കെല്ലാം ഒരു വിളിപ്പുറത്തുണ്ട്.

പ്രതിസന്ധിയിൽ തളർന്നു പോകുന്നവരോട് പ്രവീണയ്ക്ക് പറയാനുള്ളത് ഇതാണ്.' നമ്മൾ തളർന്നിരുന്നാൽ നമുക്കല്ലാതെ മറ്റാർക്കും ഒന്നും നഷ്ടമാകില്ല. അതേസമയം, സ്വന്തം വഴികളൊന്ന് വെട്ടിത്തെളിച്ചു നോക്കൂ. അവിടെനിന്നും പുതിയൊരു നിങ്ങളെ സൃഷ്ടിക്കാനാകും. കരുത്തും ആത്മവിശ്വാസവുമുള്ള പുതിയൊരു നിങ്ങളെ. സ്വന്തം ജീവിതം കൊണ്ട് ഞാൻ പഠിച്ചെടുത്തതാണ് ഇത്. " പ്രവീണയുടെ പ്രവർത്തനങ്ങൾക്കായി കൂട്ടായി കുടുംബവുണ്ട്.

ഭർത്താവ് അനിൽ കുമാർ ഡ്രൈവറാണ്. മകൻ ആരോമൽ ഫയർ ആൻ‌ഡ് സേഫ്ടിക്ക് പഠിക്കുന്നു.മകൾ ആർച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.