war

ലോകം ഒരു വലിയ യുദ്ധത്തിന്റെ ഭീതിയിലാണ്. റഷ്യയുടെ യുക്രെയിൻ അധിനിവേശം മറ്റൊരു ലോക മഹായുദ്ധത്തിന്റെ തുടക്കമാണോ എന്ന രീതിയിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. നിലവിൽ റഷ്യ - യുക്രെയിൻ സംഘർഷത്തിൽ ഇടപ്പെടാൻ മറ്റ് ലോകശക്തികൾ മടിച്ചു നിൽക്കുന്നതിനാൽ തന്നെ ഇതൊരു ലോക യുദ്ധത്തിലേക്ക് ചുവടുമാറാൻ സാദ്ധ്യത കുറവാണ്.

എന്നാൽ അടുത്തിടെ ട്വിറ്ററിൽ കണ്ടെത്തിയ രസകരമായ കണക്കുകൾ അനുസരിച്ച് റഷ്യ - യുക്രെയിൻ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിനുള്ള ആരംഭമാണ്. പാട്രിക്ക് ബെറ്റ് ഡേവിഡ് എന്ന ട്വിറ്റർ പ്രൊഫൈലിൽ ആണ് ഈ കണക്കുകൾ പങ്കുവച്ചിരിക്കുന്നത്.

ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് 1914 ജൂലൈ 28നാണ്. നാലു വർഷത്തിലേറെ നീണ്ടു നിന്ന ഈ യുദ്ധം അവസാനിക്കുന്നത് 1918 നവംബർ 11-നാണ്. 25 വർഷത്തിന് ശേഷം 1939 സെപ്റ്റംബർ 1ന് രണ്ടാം ലോകമഹായുദ്ധവും ആരംഭിച്ചു. യുക്രെയിൻ യുദ്ധം തുടങ്ങുന്നത് 2022 ഫെബ്രുവരി 24നാണ്. അതായത് റഷ്യ യുക്രെയിനിലെ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ച ദിവസമാണിത്.

ഈ തീയതികളിലെ അക്കങ്ങൾ തമ്മിൽ കൂട്ടിനോക്കിയാലാണ് രസകരമായ ഒരു സാമ്യം ഈ മൂന്ന് യുദ്ധങ്ങൾ തമ്മിൽ കാണുക. ഒന്നാം ലോക മഹായുദ്ധം ആരംഭിച്ച 28-07-1914 എന്ന തീയതിയിലെ സംഖ്യകൾ തമ്മിൽ കൂട്ടിയാൽ (28+7+19+14) അതിന്റെ ഉത്തരം 68 എന്നായിരിക്കും. സമാനരീതിയിൽ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച 1-9-1939ലെ അക്കങ്ങൾ തമ്മിൽ കൂട്ടിയാൽ (1+9+19+39) ലഭിക്കുന്ന ഉത്തരവും 68 ആണ്. അതുപോലെ യുക്രെയിൻ യുദ്ധത്തിന്റെ തീയതികളിലെ അക്കങ്ങൾ തമ്മിൽ കൂട്ടിയാൽ ലഭിക്കുന്നത് (24+2+20+22) 68 എന്ന സംഖ്യ ആണ്.
ഇതെല്ലാം തികച്ചും യാദൃശ്ചികം മാത്രമാണ്. ഈ കണക്കുകൾ നമ്മൾ വീക്ഷിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിന്റെ പ്രാരംഭ ഘട്ടമാണെന്ന് അർത്ഥമാക്കേണ്ടതില്ല. ഏതായാലും ഈ യുദ്ധം ഇനിയും കടുക്കാതെ ഇരു രാഷ്ട്രങ്ങളും സമാധാനത്തിന്റെ പാതയിലേക്ക് ഉടനടി എത്തിച്ചേരുമെന്ന് നമുക്ക് ആശിക്കാം.

Everything to me is a mathematical formula.

This one is strange. 👇🏽 pic.twitter.com/zJuPGf0LQe

— Patrick Bet-David (@patrickbetdavid) March 5, 2022