
മുംബയ്: ഹൃദയാഘാതം നിമിത്തം മരണമടഞ്ഞ ഷെയ്ൻ വോണിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്ടനും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഷെയ്ൻ വോണിനെ ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച സ്പിന്നർ എന്ന് പറയാൻ സാധിക്കില്ല. ശ്രീലങ്കൻ താരങ്ങളായ മുത്തയ്യ മുരളീധരനും മറ്റ് ചില ഇന്ത്യൻ സ്പിന്നർമാരും വോണിനെക്കാളും മികച്ചവർ ആയിരുന്നെന്നാണ് ഗവാസ്കറിന്റെ അഭിപ്രായം. ഒരു ദേശീയ ടി വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗവാസ്കർ ഇക്കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിച്ച് ഷെയ്ൻ വോൺ നല്ലൊരു സ്പിന്നർ തന്നെയായിരുന്നു. വിരലുകൾ കൊണ്ട് പന്ത് ടേൺ ചെയ്യിക്കുന്നതിനെക്കാൾ ദുഷ്കരം കൈക്കുഴ വച്ച് പന്തിൽ ടേൺ കണ്ടെത്തുന്നതായത് കൊണ്ട് തന്നെ വോൺ അംഗീകാരം അർഹിക്കുന്നു. എന്നാൽ വോണിനെക്കാളും മികച്ച സ്പിന്നർ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ ആയിരുന്നു എന്നാണ് ഗവാസ്കർ പറഞ്ഞത്.
എന്നാൽ ഗവാസ്കറിന്റെ ഈ അഭിപ്രായത്തോട് നിരവധി വിമർശനങ്ങൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു. സ്പിന്നിനെ തുണയ്ക്കുന്ന ട്രാക്കിൽ വിക്കറ്റ് കണ്ടെത്തുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്പിന്നർമാരെകാളും എന്തുകൊണ്ടും മെച്ചമാണ് സ്പിന്നിനെ തുണയ്ക്കാത്ത ഓസ്ട്രേലിയൻ പിച്ചുകളിൽ നിന്ന് വിക്കറ്റുകൾ കൊയ്ത വോൺ എന്നാണ് ഗവാസ്കറിനെ വിമർശിക്കുന്നവരുടെ അഭിപ്രായം.