
ന്യൂഡൽഹി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി ഹൈക്കമാൻഡിനെ അറിയിച്ചു. ഇതുവരെ നൽകിയ അവസരങ്ങൾക്ക് നന്ദി അറിയിച്ച് ആന്റണി സോണിയ ഗാന്ധിക്ക് കത്തയച്ചതോടെ മുൻ കേന്ദ്രമന്ത്രിയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്സഭ തിരഞ്ഞെടുപ്പ് ഈ മാസം 31ന് നടക്കും.
കേരളത്തിൽ നിന്ന് മൂന്ന് എം പിമാരാണ് ഇക്കൊല്ലം രാജ്യസഭയിലെ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തുന്നത്. ആന്റണിയെ കൂടാതെ കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധിയും ഇക്കൊല്ലം അവസാനിക്കും. ഇവരെ കൂടാതെ മൊത്തം 13 പേരാണ് രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കുന്നത്.
അതേസമയം മുൻ കേന്ദ്രമന്ത്രിയും മുൻ കെ പി സി സി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഇടത് ചേരി വിട്ട് കോൺഗ്രസിലേക്ക് എത്തിയ ചെറിയാൻ ഫിലിപ്പ്, വി ടി ബൽറാം തുടങ്ങിയവരുടെ പേരുകൾ കോൺഗ്രസുകാർക്കിടയിൽ സജീവമാണ്.
കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ മുതിർന്ന അംഗമെന്ന നിലയ്ക്ക് ഏറെ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ചാണ് ആന്റണി പ്രവർത്തിച്ചുവരുന്നത്. ഇപ്പോൾ കേരളത്തിലുള്ള അദ്ദേഹം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തിയിരുന്നു.
2016 ഏപ്രിൽ മൂന്നിനാണ് ആന്റണി രാജ്യസഭാംഗമായത്. ദേശീയ നേതൃത്വത്തിൽ തുടരുമെങ്കിലും കേരളം കേന്ദ്രീകരിച്ചാവും ഇനി കൂടുതൽ സമയം പ്രവർത്തിക്കുക. ഇത് സംഘടനയെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് കേരളത്തിലെ മറ്റു നേതാക്കളും പറയുന്നത്.
ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് ഇടതുപക്ഷം തുടർ ഭരണം നേടിയ സാഹചര്യത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കേണ്ടതുണ്ട്. ദേശീയതലത്തിൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുമ്പോൾ കേരളത്തെപ്പോലെ വളക്കൂറുള്ള മണ്ണ് പ്രയോജനപ്പെടുത്തിയേ തീരൂ. ജനഹൃദയങ്ങളിൽ വലിയ സ്വാധീനമുള്ള എ.കെ.ആന്റണിയുടെ സാന്നിദ്ധ്യം സംഘടനയുടെ സുഗമമായ പോക്കിന് ഗുണകരമാവുമെന്ന അഭിപ്രായക്കാരാണ് പല നേതാക്കളും.