
കൊൽക്കത്ത: റിയൽ കാശ്മീരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ഗോകുലം കേരള എഫ് സി ഐ ലീഗ് പൊയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം പകുതിയിൽ ജമൈക്കൻ താരം ജോർദാൻ ഫ്‌ളെച്ചർ, സ്ലോവേനിയന് താരം ലുക്കാ മജ്‌സെൻ എന്നിവർ രണ്ടു ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ ജിതിൻ എം എസിലൂടെ ഗോകുലം ഗോൾപട്ടിക പൂർത്തിയാക്കി. ആദ്യമായിട്ടാണ് ഗോകുലം റിയൽ കാശ്മീരിനെ ഐ ലീഗിൽ തോൽപ്പിക്കുന്നത്. കാശ്മീരിന് വേണ്ടി ബ്രസീലിയൻ താരം തിയാഗോ ആശ്വാസഗോൾ നേടി.
ആദ്യ പകുതിയിൽ അഞ്ചാം മിനിറ്റിൽ തന്നെ ഗോകുലം മുന്നിലെത്തി. ഗോകുലത്തിന്റെ ആക്രമണത്തിൽ പെനാൽറ്റി ബോക്സിൽ ബോൾ ഹാൻഡിൽ ചെയ്തതിനു റിയൽ കശ്മീരിന്റെ പ്രകാശ് സിങ്ങിന് റഫറി ചുവപ്പു കാർഡും ഗോകുലത്തിനു പെനാൽറ്റിയും നൽകി.
കിക്കെടുത്ത ലൂക്ക ലക്ഷ്യം തെറ്റാതെ ഗോകുലത്തിനു ആദ്യ ലീഡ് നൽകി. ആദ്യ ഗോളിന് ശേഷം ഗോകുലത്തിന്റെ ആധിപത്യം ആയിരുന്നു പിന്നീട് കണ്ടത്. ഒരു മിനിറ്റിനുള്ളിൽ ലൂക്കയുടെ അസ്സിസ്റ്റിൽ ജോർദാൻ ഫ്‌ളെച്ചർ ഗോകുലത്തിന്റെ ലീഡ് ഉയർത്തി.
മൂന്നാമത്തെ ഗോളിനു വഴി വെച്ചത് ഹക്കുവിന്റെ അത്യുഗ്രൻ ക്രോസ്സിലൂടെ ആയിരുന്നു. വലതു വശത്തുകൂടെ വന്ന ഹക്കു ഫ്‌ളെച്ചറിന് പന്ത് നീട്ടി നല്കുകയായിരുന്നു. ഫ്‌ളെച്ചറിന്റ്രെ കരുത്തുറ്റ ഷോട്ട് ഗോകുലത്തിനു മൂന്നാമത്തെ ഗോൾ നേടി കൊടുത്തു. 38ആം മിനിറ്റിൽ ഗോകുലം ലൂക്കയിലുടെ മൂന്നാം ഗോൾ നേടി. കോഴിക്കോട്ടുകാരൻ താഹിർ സമാന്റെ ഷോട്ട് റിയൽ കാശ്മീർ ഗോളി തട്ടിയിട്ടത് ലുക്കുകയുടെ കാലിലേക്ക് ആയിരുന്നു. അവസരം നഷ്ടപ്പെടുത്താതെ ലുക്കാ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ജിതിൻ ഗോകുലത്തിന്റെ അഞ്ചാം ഗോൾ നേടി. ഗോകുലത്തിന്റെ അടുത്ത മത്സരം കെങ്കറെ എഫ് സിയുമായിട്ട് മാർച്ച് 12 നു നടക്കും.